ബജറ്റ് കുറിപ്പിലെ മോദിചിത്രം: പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം

പാലക്കാട്: ബജറ്റ് അവതരണ കുറിപ്പിന്‍െറ പുറംചട്ടയില്‍ നരേന്ദ്ര മോദിയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയതിനെ ചൊല്ലി എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രതിഷേധത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭയിലെ പ്രഥമ ബി.ജെ.പി ഭരണസമിതിയുടെ ബജറ്റ് അവതരണം ബഹളത്തില്‍ മുങ്ങി. കൗണ്‍സില്‍ ഹാളില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ബഹളത്തിനിടെ ബജറ്റ് പാസാക്കിയതായി ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും വിയോജനകുറിപ്പ് എഴുതി നല്‍കി.  

ബുധനാഴ്ച രാവിലെ 11ന് ബജറ്റ് അവതരണത്തിന് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നയുടന്‍ നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പര്‍മാര്‍ പ്ളക്കാര്‍ഡേന്തി ചെയര്‍പേഴ്സന്‍െറ ഇരിപ്പിടത്തിന് മുമ്പില്‍ ധര്‍ണ തുടങ്ങി. വ്യാഴാഴ്ച മാലിന്യനീക്കം പുനരാരംഭിക്കാമെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം യോഗം വിളിക്കാമെന്നുമുള്ള ചെയര്‍പേഴ്സന്‍െറ ഉറപ്പില്‍ ധര്‍ണ അവസാനിപ്പിച്ചു. വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാറിനെ ബജറ്റ് അവതരണത്തിനായി ക്ഷണിച്ചയുടന്‍ സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ. കുമാരി ബജറ്റ് വിശദീകരണ കുറിപ്പിന്‍െറ പുറംചട്ടയില്‍ മോദിയുടെ പടം പ്രസിദ്ധീകരിച്ചതിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. യു.ഡി.എഫ് അംഗങ്ങളും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ കൗണ്‍സില്‍ ഹാള്‍ ബഹളത്തില്‍ മുങ്ങി.

ബജറ്റ് കുറിപ്പ് പ്രതിപക്ഷം ചീന്തിയെറിഞ്ഞു. ബഹളം തുടര്‍ന്നതോടെ ചെയര്‍പേഴ്സണ്‍ യോഗം നിര്‍ത്തിവെച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും അനുരജ്ഞനമുണ്ടായില്ല. മോദിയുടെ ചിത്രം അടിച്ചത് ബജറ്റ് പുസ്തകത്തിലല്ളെന്നും വൈസ് ചെയര്‍മാന്‍െറ വിശദീകരണ കുറിപ്പിലാണെന്നും ഇതിനാല്‍ ബജറ്റ് അവതരണം തുടരാനാണ് തീരുമാനമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വൈസ് ചെയര്‍മാന്‍ ബജറ്റ് അവതരണം തുടങ്ങിയതോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യവുമായി ചെയര്‍പേഴ്സന്‍െറ ഇരിപ്പിടത്തിന് മുമ്പിലേക്ക് നീങ്ങി. പ്രതിപക്ഷ നീക്കം തടയാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രംഗത്തിറങ്ങിയതോടെ യോഗം സംഘര്‍ഷത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിയുരുന്നു.
 

ബജറ്റ് കുറിപ്പിൽ അച്ചടിച്ചു വന്ന നരേന്ദ്ര മോദിയുടെ ചിത്രം
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.