കൊച്ചി: സര്‍വകലാശാലകളിലും സര്‍ക്കാര്‍, അഫിലിയേറ്റഡ് കോളജുകളിലും പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ നിയമനങ്ങള്‍ 2010ലെ യു.ജി.സി നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വേണമെന്ന് ഹൈകോടതി. സര്‍വകലാശാലകള്‍ ചട്ട ഭേദഗതി വരുത്തിയോ ഇല്ലയോ എന്നത് പ്രസക്തമല്ളെന്നും യു.ജി.സി നിബന്ധനകള്‍തന്നെയാണ് നിയമന കാര്യത്തില്‍ പാലിക്കപ്പെടേണ്ടതെന്നും ഹൈകോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന യു.ജി.സി നിബന്ധന സംസ്ഥാനത്ത് നടപ്പാക്കി 2010 ഡിസംബര്‍ 10ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേവര്‍ഷം സെപ്റ്റംബര്‍ 18 മുതല്‍ ചട്ടം ബാധകമാകുന്ന വിധത്തിലാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ഈ സാഹചര്യത്തില്‍ 2010ല്‍ ആക്ട് നിലവില്‍വന്ന ശേഷമുള്ള നിയമനങ്ങളുടെ കാര്യത്തില്‍ അതിനുമുമ്പുള്ള പി. രവീന്ദ്രന്‍ കേസിലെ ഹൈകോടതി ഡിവിഷന്‍ബെഞ്ച് വിധി അടിസ്ഥാനമാക്കാനാവില്ളെന്നും ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ എന്നിവരങ്ങുന്ന ഫുള്‍ബെഞ്ച് വ്യക്തമാക്കി. വിവിധ കോളജുകളിലെ 2010ന് ശേഷമുണ്ടായ ഒഴിവുകളിലേക്ക് യു.ജി.സി നിബന്ധനക്കനുസരിച്ചല്ല നിയമനം നടത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. യു.ജി.സി നിബന്ധന പ്രകാരം യോഗ്യതയുള്ളവരെ തഴഞ്ഞ് സര്‍വകലാശാല ചട്ടങ്ങളുടെ അടിസ്ഥാനത്തിലെന്ന പേരില്‍ യോഗ്യതയില്ലാത്തവരെ പ്രിന്‍സിപ്പലായി നിയമിച്ചത് ചോദ്യംചെയ്യുന്ന ഹരജികളായിരുന്നു ഇവ. പ്രിന്‍സിപ്പല്‍ നിയമനത്തിന് 15 വര്‍ഷം അസി. പ്രഫസറായി പ്രവൃത്തി പരിചയം, പിഎച്ച്.ഡി യോഗ്യത, അക്കാദമിക് രംഗത്തെ മികച്ച പ്രവര്‍ത്തനം എന്നിവയാണ് യു.ജി.സി നിബന്ധന.
സര്‍വകലാശാലകളുടെ ഭരണസമിതി നിശ്ചയിക്കുന്ന നിയമന യോഗ്യതകളാണ് സെലക്ഷന്‍ കമ്മിറ്റികള്‍ പരിഗണിക്കുന്നത്. അതിനാല്‍, യോഗ്യരായവര്‍ക്ക് നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസം യൂനിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായതിനാല്‍ കോളജ് അധ്യാപക നിയമനങ്ങള്‍ക്കുള്ള നിയമങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമാണ് അധികാരമെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി.സി ചട്ടപ്രകാരം അര്‍ഹതയുള്ള തങ്ങളെ തഴഞ്ഞ് അര്‍ഹതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ഹരജിക്കാരുടെ ആരോപണം ശരിവെക്കുന്നതായി കോടതി വ്യക്തമാക്കി. യു.ജി.സി നിബന്ധന ലംഘിച്ച് നടത്തിയ നിയമനങ്ങള്‍ നിയമവിരുദ്ധമാണ്. അതിനാല്‍, ഹരജിക്കാരുടെ അപേക്ഷ യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യത, സീനിയോറിട്ടി, അര്‍ഹത എന്നിവയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം പുന$പരിശോധിച്ച് നിയമപരമായി തീര്‍പ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.