ജയരാജൻ സി.ബി.ഐയുടെ ചോദ്യം ചെയ്യൽ ഭയപ്പെടുന്നതെന്തിന് -കോടതി

തലശ്ശേരി: വിപ്ളവ പാര്‍ട്ടി നേതാവ് കസ്റ്റഡിയെ ഭയക്കുന്നത് എന്തിനെന്ന് ജില്ലാ സെഷന്‍സ് കോടതി. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍െറ കസ്റ്റഡി അപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ജില്ലാ ജഡ്ജി വി.ജി. അനില്‍ കുമാറിന്‍െറ പരാമര്‍ശം.

അപേക്ഷയില്‍ ഫെബ്രുവരി 29ന് തുടര്‍വാദം നടക്കുമെന്ന് അറിയിച്ച കോടതി, ഒരു തെളിവും ഹാജരാക്കാതെ ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐ ആവശ്യത്തെ ചോദ്യംചെയ്തു. കേസ് ഡയറി ഹൈകോടതി മുമ്പാകെ ഹാജരാക്കിയതായി സി.ബി.ഐ പ്രോസിക്യൂട്ടര്‍ മറുപടി പറഞ്ഞപ്പോള്‍, ഈ കോടതിക്ക് ലഭിച്ചില്ളെന്നായിരുന്നു പ്രതികരണം. ആശുപത്രിയില്‍ എന്തുകൊണ്ട് ചോദ്യം ചെയ്തുകൂടെന്നും കോടതി ചോദിച്ചു. കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത പ്രതിഭാഗം അഭിഭാഷകന്‍ ആശുപത്രിയില്‍ വൈദ്യസഹായം നല്‍കി ചോദ്യം ചെയ്യാമെന്ന നിലപാട് ആവര്‍ത്തിച്ചു.

പി. ജയരാജന് ആരോഗ്യപരമായി പ്രശ്നങ്ങളുള്ളതിനാലാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ കാത്തിരുന്നാല്‍ നടപടികള്‍ നീണ്ടുപോകുമെന്നും വിശ്വന്‍ കോടതിയെ ധരിപ്പിച്ചു. അതേസമയം, അറസ്റ്റ് പ്രതിരോധിക്കാന്‍ കേസില്‍ പ്രതി ചേര്‍ക്കുന്നതിനു മുമ്പുതന്നെ ജയരാജന്‍ ശ്രമിച്ചതായി സി.ബി.ഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. ഒരുദിവസത്തെ കസ്റ്റഡിപോലും ഒഴിവാക്കാനാണ് കോടതിയില്‍ കീഴടങ്ങിയത്. രേഖകള്‍ പ്രകാരം പൂര്‍ണ ആരോഗ്യവാനായ ജയരാജന് ഇടക്കിടെ നെഞ്ചുവേദന വരുന്നത് വെറും മാനസിക പ്രശ്നം മാത്രമാണ്. ആശുപത്രിയില്‍ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന്, അന്വേഷണോദ്യോഗസ്ഥന് തന്‍േറതായ രീതിയില്‍ ചോദ്യംചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. അത് ഉറപ്പുനല്‍കാമെന്ന് കോടതി പറഞ്ഞു. ചോദ്യംചെയ്ത് തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.