ജെ.എന്‍.യുവിലെ ഫാഷിസ്റ്റ് കൈയേറ്റം ചെറുക്കണം –എം.ഐ. അബ്ദുല്‍ അസീസ്

തൃശൂര്‍: ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ധൈഷണികവും നയപരവുമായ സ്വാധീനം ചെലുത്തിയ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഫാഷിസ്റ്റുകളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മുഴുവന്‍ സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാകമ്മിറ്റി ടൗണ്‍ഹാളില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ചിന്തകര്‍ അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഫാഷിസ്റ്റുകള്‍ അവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യുകയാണ്. ജനാധിപത്യത്തിന്‍െറ കരുത്ത് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളും ആവിഷ്കാരത്തിനുള്ള അവകാശവുമാണ്. അവ  അനുവദിക്കില്ല എന്ന് പറയുന്ന ഫാഷിസ്റ്റുകള്‍ ഉന്മൂലനം ചെയ്യുന്നത് ജനാധിപത്യത്തെ തന്നെയാണ്. അടിയന്തരാവസ്ഥയില്‍ പോലും കാണാത്ത ഭീകരതയാണ് പാട്യാലക്കോടതിയില്‍ അഭിഭാഷകരുടെ വേഷം കെട്ടിയ ഫാഷിസ്റ്റുകള്‍ നടപ്പാക്കിയത്.
ഹൈന്ദവ ഐക്യമാണെന്ന് പ്രചരിപ്പിച്ച് ദലിത് പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് നേടി അധികാരത്തിലത്തെിയവര്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഐക്യവും മതസൗഹാര്‍ദവും നാനാത്വത്തില്‍ ഏകത്വവും നിലനിര്‍ത്തുന്നതിനായി എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് മതേതരസമൂഹം ഒന്നിക്കേണ്ട ചരിത്രസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്.
സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ് ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം. ജനങ്ങളെ ജാതീയതയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ചൂഷണം ചെയ്യുന്ന വ്യവസ്ഥയിലേക്ക് രാജ്യത്തെ ബലം പ്രയോഗിച്ചു പരിവര്‍ത്തിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ജാതീയതയെ സാഹോദര്യംകൊണ്ട് അഭിസംബോധന ചെയ്യണമെന്നാണ് ജമാഅത്തെ ഇസ്ലാമി കരുതുന്നത്. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്നും ചീര്‍പ്പിന്‍െറ പല്ലുകള്‍ പോലെ സമന്മാരാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വംശീയതയും വര്‍ഗീയതയും ഞാനെന്‍െറ കാല്‍ചുവട്ടിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു എന്നാണ് പ്രവാചകന്‍ പറഞ്ഞത്. ഇസ്ലാമിന്‍െറ ഈ മൗലിക ആശയങ്ങള്‍ക്കെതിരായതിനാലാണ് ഐ.എസ്.ഐ.എസ് ഇസ്ലാമല്ല എന്ന് ലോകമുസ്ലിം സമൂഹം ഒന്നടങ്കം പറഞ്ഞത് -അമീര്‍ പറഞ്ഞു.
സ്വന്തം തുരുത്തുകളില്‍ ഉള്‍വലിഞ്ഞ് കഴിഞ്ഞിരുന്ന മുസ്ലിം സമൂഹത്തെ ധൈഷണികവും വൈജ്ഞാനികവുമായ സംവാദങ്ങള്‍ക്ക് പ്രാപ്തരാക്കി എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഏറ്റവും വലിയ സംഭാവന എന്ന് അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
നരേന്ദ്രമോദിയും കൂട്ടരും അധികാരത്തില്‍ വരുന്നതില്‍ കോണ്‍ഗ്രസും ഇടതുപ്രസ്ഥാനങ്ങളും അടക്കം മതേതര - രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് വലുതാണെന്ന് അസി. അമീര്‍ പി. മുജീബുറഹ്മാന്‍ പറഞ്ഞു.
വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സഫിയ അലി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്‍റ് എം.എ. ആദം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷംസുദ്ദീന്‍ സ്വാഗതവും എന്‍.എ. മുഹമ്മദ് നന്ദിയും പറഞ്ഞു. മുനീബ് ഹനീഫ ഖിറാഅത്ത് നടത്തി. ഇര്‍ഫാന വടൂക്കര, കൊച്ചിന്‍ ഷെരീഫ് എന്നിവര്‍ ഗാനം ആലപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.