തിരുവനന്തപുരം: മന്ത്രി അടൂർ പ്രകാശ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അടൂർ പ്രകാശ് 2005ൽ ഭക്ഷ്യമന്ത്രിയായിരിക്കെ റേഷൻ ഡിപ്പോ അനുവദിച്ചത് വഴി 25 ലക്ഷം രൂപ വാങ്ങിയെന്ന അഴിമതി കേസിൽ അന്വേഷണം നേരിടാനുണ്ടായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.
തെളിവുകൾ കൃത്യമായതിനാലാണ് കേസ് അവസാനിപ്പിക്കാമെന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ തള്ളിയതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ. സുരേഷ് കുറുപ്പ് ആരോപിച്ചു. വിജിലൻസ് കുറ്റപത്രത്തിൽ പേരുള്ള ആൾക്ക് മന്ത്രിയായി എങ്ങനെ തുടരാൻ സാധിക്കും. മന്ത്രിക്കെതിരെ പരാതി നൽകിയത് കോൺഗ്രസ് നേതാവാണ്. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്നും സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിപക്ഷ ആരോപണങ്ങൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി അടൂർ പ്രകാശും നിഷേധിച്ചു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസാണിതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. വിജിലൻസ് ഡി.വൈ.എസ്.പി കൊടുത്ത റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ തള്ളിയോ എന്ന് തനിക്കറിയില്ല. അത് നടപടി ക്രമങ്ങളുടെ ഭാഗമാണ്. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യം അപക്വമാണ്. അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും ചെന്നിത്തല സഭയെ അറിയിച്ചു.
ആരോപണങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ലെന്നും ജനങ്ങൾക്ക് തന്നെ അറിയാമെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. ആരോപണം ഉയർന്നപ്പോഴെല്ലാം കോന്നി മണ്ഡലത്തിലെ ജനങ്ങൾ തന്നെ വിജയിപ്പിച്ചിട്ടുണ്ട്. ജനവിധി തേടിയാണ് സഭയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെയും അടൂർ പ്രകാശിന്‍റെയും മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സഭയിൽ മടങ്ങിയെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ കുത്തിയിരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേതുടർന്നാണ് സഭ അൽപ സമയത്തേക്ക് സ്പീക്കർ എൻ. ശക്തൻ നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.