പ്രസരണം ശക്തിപ്പെടുത്താന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുന്നതിന് നിലവിലെ പ്രസരണശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിക്ക് ഭരണാനുമതി. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. പുകലൂരില്‍നിന്ന് മാടക്കത്തറയിലേക്കുള്ള ആദ്യ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്‍റ് ലിങ്ക് ലഭ്യമാകുമ്പോള്‍ പ്രയോജനം പൂര്‍ണമായി ലഭിക്കത്തക്ക രീതിയിലാവും ട്രാന്‍സ്ഗ്രിഡ് തയാറാവുക. 9400 കോടിയാണ് ചെലവ്.

ആദ്യഘട്ടത്തില്‍ 4745.77 കോടിയും. മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനില്‍നിന്ന് അരീക്കോട് 400 കെ.വി സബ് സ്റ്റേഷനിലേക്കുള്ള 400 / 220 കെ.വി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ ഈ ഘട്ടത്തില്‍ നിര്‍മിക്കും. കാസര്‍കോട് മൈലാട്ടിയിലും വയനാട്ടിലും, ഇടമണ്‍ , കോട്ടയം, കൊല്ലം, കുണ്ടറ എന്നിവിടങ്ങളിലും 400 കെ.വി. സബ് സ്റ്റേഷനുകള്‍ നിര്‍മിക്കും.

നീലേശ്വരം, കുന്ദമംഗലം, തലശ്ശേരി, കക്കയം തുടങ്ങി 26 പുതിയ 220 കെ.വി സബ് സ്റ്റേഷനുകളും ട്രാന്‍സ്ഗ്രിഡിന്‍െറ ഭാഗമായി സജ്ജമാക്കും. കാസര്‍കോട് ജില്ലയിലെ അമ്പലത്തറയില്‍ പുതുതായി നിര്‍മിക്കുന്ന 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍നിന്ന് വൈദ്യുത പ്രസരണത്തിന് 33/220 കെ.വി സബ്സ്റ്റേഷന്‍ നിര്‍മിക്കും. മൈലാട്ടി ലൈനിലേക്ക് ബന്ധിപ്പിക്കത്തക്കവിധം 220 കെ.വി. ഡബ്ള്‍ സര്‍ക്യൂട്ട് ലൈനും നിര്‍മിക്കും.

ചാലക്കുടിയിലെ 110 കെ.വി. സബ്സ്റ്റേഷന്‍ 220 കെ.വി ആയി ഉയര്‍ത്തുന്നതിന് 12 കി.മീ. നീളത്തില്‍ പുതിയ 220 കെ.വി. മള്‍ട്ടി സര്‍ക്യൂട്ട് ലൈനും വരും. ഇതിന് 45 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഏറനാട് ലൈന്‍ പാക്കേജിന്‍െറ ഭാഗമായി നിലവിലെ മാടക്കത്തറ -അരീക്കോട് 220 കെ.വി. സിംഗ്ള്‍ സര്‍ക്യൂട്ട് ലൈന്‍ 400/220 കെ.വി. മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനായി ഉയര്‍ത്തുന്നതിനും നിലവിലെ കിഴിശ്ശേരി-നല്ലളം 110 കെ.വി ലൈന്‍, 220 കെ.വി ആയി ഉയര്‍ത്തുന്നതിനും ഭരണാനുമതി നല്‍കി. 521 കോടി രൂപയാണ് അടങ്കല്‍ തുക.
പുതുതായി 29 സെക്ഷന്‍ ഓഫിസുകള്‍
വിതരണ മേഖലയില്‍ പുതുതായി 29 സെക്ഷന്‍ ഓഫിസുകള്‍ തുടങ്ങും. കാച്ചാണി, പാപ്പനംകോട്, പൂഴിക്കുന്ന്, റാന്നി-പെരിനാട്, വള്ളികുന്നം, മീനടം, മുളന്തുരുത്തി, ഇടക്കൊച്ചി, എടത്തല, നെല്ലിക്കുഴി, മഞ്ഞല്ലൂര്‍, ഉടുമ്പന്‍ചോല, ലക്കിടി-കാട്ടുപാത, കൂരോപ്പട, കയറടി, കുമ്പിടി, വിലയൂര്‍, മമ്പാട്, പുഴക്കാട്ടിരി, മുണ്ടക്കുളം, തുവ്വൂര്‍, ഇന്ത്യനൂര്‍, പെരിങ്ങത്തൂര്‍, ചെറുപുഴ, വള്ളിത്തോട്, സീതാങ്കൊല്ലി, കൂമ്പാറ, വെണ്‍മണി എന്നിവയാണ് പുതിയ സെക്ഷനുകള്‍.
പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴിലെ പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ വിഭജിച്ച് അങ്കമാലി കേന്ദ്രമാക്കി പുതിയ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആരംഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.