ഇനി തിരുവചനങ്ങളുടെ നാളുകള്‍; മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കം

കോഴഞ്ചേരി: സഹിഷ്ണുതയോടെ ജീവിക്കുന്ന സാമൂഹിക സാഹചര്യം ഭാരതത്തില്‍ ഉണ്ടാകാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത. 121ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിനെ ഇത്രയധികം മലിനമാക്കുന്ന കാലയളവ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. രാഷ്ട്രീയ രംഗത്ത് മാത്രമല്ല സമൂഹത്തില്‍ ഒന്നടങ്കം സങ്കടകരമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സമൂഹം കൂട്ടായി യത്നിച്ചെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്തൊന്‍ കഴിയൂ. മനുഷ്യസമൂഹത്തില്‍ ഉരുത്തിരിയുന്ന മലിനീകരണ പ്രവണത സഭയിലും  കടന്നുകൂടുന്നുണ്ട്. ഇതിനെതിരെയും സാമൂഹിക തിന്മകള്‍ക്കെതിരെയും പൊരുതാന്‍ സഭ ആര്‍ജവത്തോടെ തയാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പ്രാരംഭ പ്രാര്‍ഥനയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. 35 വര്‍ഷം സഭയുടെ സേവനത്തിലായിരുന്ന മുന്‍ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെയും മലയാളത്തിന്‍െറ കവി ഒ.എന്‍.വി. കുറുപ്പിന്‍െറയും നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടാണ് കണ്‍വെന്‍ഷന്‍ തുടങ്ങിയത്. 40ല്‍പരം വര്‍ഷങ്ങള്‍ മാരാമണ്‍ കണ്‍വെന്‍ഷനിലത്തെി സുവിശേഷ പ്രഘോഷണം നടത്തിയ ഡോ. സ്റ്റാന്‍ലി ജോണ്‍സിന്‍െറ മകളുടെ മകള്‍ ആനി മാത്യൂസ് കണ്‍വെന്‍ഷന് ആശംസ അര്‍പ്പിച്ചു. ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, ഡോ. യൂയാക്കീം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബെര്‍ണബാസ്, ഡോ. ഐസക് മാര്‍ ഫീലക്സിനോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്തെഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, ദൈവശാസ്ത്ര പണ്ഡിതരും സുവിശേഷ പ്രസംഗകരുമായ ബിഷപ് ഡാനിയല്‍ ത്യാഗരാജ -ശ്രീലങ്ക,  മാല്‍ക്കം ടി.എച്ച്. ടാന്‍ -സിംഗപ്പൂര്‍, ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് -ചെന്നൈ, ഡോ. ലിയോണാര്‍ഡ് സ്വീറ്റ് -അമേരിക്ക എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍.
സക്കറിയാസ് മാര്‍ കൂറിലോസ്, ബിഷപ് ഡോ. കെ.പി. യോഹന്നാന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ ആന്‍േറാ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ രാജു എബ്രഹാം, പി.സി. വിഷ്ണുനാഥ്, കെ. ശിവദാസന്‍നായര്‍, തോമസ് ചാണ്ടി, മുന്‍ എം.എല്‍.എ ജോസഫ് എം പുതുശേരി, വിക്ടര്‍ ടി. തോമസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനി ശ്യാം മോഹന്‍ (കോഴഞ്ചേരി), ആലീസ് ക്രിസ്റ്റഫര്‍ (തോട്ടപ്പുഴശ്ശേരി) എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. വന്‍ജന സഞ്ചയമാണ് പമ്പയുടെ മണപ്പരപ്പില്‍ ഒരുക്കിയ പന്തലില്‍ എത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.