ചെറുമത്സ്യങ്ങളെ ഊറ്റി വളം നിര്‍മാണത്തിന് വില്‍ക്കുന്ന ലോബി ശക്തം

കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുന്നതിനിടെ ചെറുമത്സ്യങ്ങളെ വളംനിര്‍മാണത്തിനും മറ്റും  ഇതര സംസ്ഥാനത്തേക്ക് കയറ്റിയയക്കുന്ന ലോബി ശക്തം. ഹാര്‍ബറുകളില്‍നിന്ന് ഓരോ ദിവസവും ടണ്‍ കണക്കിന് മത്സ്യമാണ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വളം നിര്‍മാണ കേന്ദ്രങ്ങളിലേക്ക് കയറ്റിപ്പോകുന്നത്.

1980ലെ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ടിന്‍െറ ഭാഗമായ  മത്സ്യസംരക്ഷണ  നിയമം ലംഘിച്ചാണ് മത്സ്യക്കടത്ത്.  വന്‍ വിലക്കയറ്റത്തിന് പുറമെ, മത്സ്യങ്ങളുടെ വംശനാശത്തിനുവരെ ഇത് വഴിയൊരുക്കുമെന്ന്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 2012നെ അപേക്ഷിച്ച് മത്സ്യലഭ്യത മൂന്നിലൊന്നായാണ് കുറഞ്ഞതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2012ല്‍ 8,39,185 ടണ്‍ മത്സ്യമാണ് ലഭിച്ചതെങ്കില്‍, 2014ല്‍ 5,75,659 ടണ്ണായി കുറഞ്ഞു.  മലബാറില്‍ 2012ല്‍ 4,17,535 ടണ്‍ മത്സ്യം ലഭിച്ചിരുന്നത് 2014ല്‍ 2,09,301 ടണ്ണായി.

കാസര്‍കോട്ട് ഇതേ കാലയളവില്‍ 84,122.1 ടണ്‍ ആയിരുന്നത് 2014ല്‍ 16,442.0 ആയും കണ്ണൂരില്‍ 84,122.1ല്‍നിന്ന് 4625.1ആയും കുറഞ്ഞു. കോഴിക്കോട്ട് 1,87,576.7 ടണ്‍ ആയിരുന്നത് 1,02,318.1 ആയും മലപ്പുറത്ത് 1,26,710.7 ആയിരുന്നത് 4,42,85.1 ആയുമാണ് കുറഞ്ഞത്. 2015ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 30 ശതമാനത്തോളം വീണ്ടും കുറവ് വന്നതായി  ഗവേഷകര്‍ പറയുന്നു. മത്തിയടക്കമുള്ള ചെറുമത്സ്യങ്ങള്‍ക്കാണ് ഏറെ ക്ഷാമം. സംസ്ഥാനത്ത് 2012ല്‍ മത്തിയുടെ ലഭ്യത നാല് ലക്ഷമായിരുന്നത് 2014ല്‍ 1.6 ലക്ഷമായി കുറഞ്ഞു. 2015ല്‍ ഇത് 1.2 ലക്ഷമായി ചുരുങ്ങുമെന്നാണ് സൂചന. മത്സ്യബന്ധനമേഖലയിലെ കുത്തകവത്കരണവും അതിരുകടന്ന ചൂഷണവുമാണ് ക്ഷാമത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

മത്തി 10 സെ.മീ, അയല 14 സെ.മീ, വാള 46 സെ.മീ., ചമ്പാന്‍ അയല 11സെ.മീ., കിളിമീന്‍ 12സെ.മീ, പരവ് 10 സെ.മീ. എന്നിങ്ങനെയാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ പരിധി. ഇവക്ക് താഴെ വലുപ്പമുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിര്‍ദേശം. എന്നാല്‍, യന്ത്രവത്കൃത ബോട്ടുകളില്‍ 2500 കിലോ എന്നതോതില്‍ ഓരോ ഹാര്‍ബറിലും മുപ്പതോളം ബോട്ടുകളില്‍നിന്ന് നേരിട്ട് ഏജന്‍റുമാര്‍ വഴി ചെറുമീനകുള്‍ വിലയ്ക്കെടുക്കുകയാണ്.  ഇരട്ടി വില കിട്ടുമെന്നതാണ്  ചെറുമീനുകളെ പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്.

 കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യ ഇറക്കുമതിയും വര്‍ധിച്ചു. അമോണിയം, ഫോര്‍മാല്‍ഡി ഹൈഡ് തുടങ്ങിയ രാസവസ്തുക്കളില്‍ ഇവ  സൂക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നൂറു രൂപയിലേറെയാണ് പല മത്സ്യ ഇനങ്ങള്‍ക്കും ഇപ്പോള്‍ വില. മത്സ്യസമ്പത്ത് കുറഞ്ഞതോടെ ഒക്ടോബറിനുശേഷം നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യസമ്പത്ത് കുറഞ്ഞതിന്‍െറ പ്രധാന കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.