പി. ജയരാജന്‍െറ അറസ്റ്റ് ആസന്നം; തന്ത്രങ്ങളുമായി സി.പി.എം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഹൈകോടതി  മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതോടെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍െറ അറസ്റ്റ് ആസന്നമായി. കോടതിയില്‍ കീഴടങ്ങുകയോ അറസ്റ്റിന് തയാറാവുകയോ മാത്രമാണ് അദ്ദേഹത്തിന് മുന്നിലെ വഴിയെന്നതിനാല്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം കരുതലോടെയാണ് നീങ്ങുന്നത്. കേസിലെ 25ാം പ്രതിയായ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകേണ്ടിവരുമെന്നുറപ്പാണ്. നിയമവിദഗ്ധരുമായി ആലോചിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിനുമുമ്പ് അറസ്റ്റ് നടക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഈ സാഹചര്യത്തില്‍, ജയരാജന്‍ വെള്ളിയാഴ്ച സി.ബി.ഐ മുമ്പാകെ ഹാജരായി കീഴടങ്ങുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസംതന്നെ സി.ബി.ഐ ജയരാജന് നോട്ടീസ് നല്‍കുമെന്നും സൂചനയുണ്ട്.

ജയരാജനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് എല്ലാ സന്നാഹവും ഒരുക്കി. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും കണ്ണൂരിലെ പ്രശ്നങ്ങള്‍ പ്രത്യേകം പഠിക്കുമെന്നും പുതിയ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കി. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ സി.പി.എം അക്രമസംഭവങ്ങള്‍ക്ക് മുതിരാനിടയില്ല. ജയരാജന്‍ വിഷയം അണികള്‍ വൈകാരികമായി എടുക്കാതിരിക്കാന്‍ പാര്‍ട്ടി എല്ലാ മുന്‍കരുതലും സ്വീകരിക്കും. ഒന്നിലേറെ തവണ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായ കാര്യം ചൂണ്ടിക്കാട്ടി ജയിലില്‍ ജയരാജന് പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യവും പാര്‍ട്ടി ആലോചിക്കുന്നു. അതേസമയം, സി.ബി.ഐയുടെയോ, കോടതി നിര്‍ദേശിക്കുന്ന മെഡിക്കല്‍ സംഘത്തെയോ വെച്ച് ജയരാജന്‍െറ ആരോഗ്യസ്ഥിതി സംബന്ധിച്ചും സി.ബി.ഐ റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ തിളക്കമാര്‍ന്ന വിജയത്തിന് ചുക്കാന്‍പിടിച്ച ജയരാജന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയിലില്‍ കഴിയേണ്ടിവരുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നുറപ്പാണ്. എന്നാല്‍, ജില്ലാ സെക്രട്ടറിയുടെ അറസ്റ്റുണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാനാണ് പാര്‍ട്ടി നീക്കം. ജയരാജനെ ഒന്നിനുപിറകെ മറ്റൊന്നായി കേസുകളില്‍ കുടുക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പ്രതികരിച്ചു. ഗൂഢാലോചനയില്‍ യു.ഡി.എഫിന് പങ്കുണ്ടെന്നും സി.പി.എം ആരോപിക്കുന്നു. ജയരാജനെ കുടുക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാക്ക് അയച്ച കത്ത് പുറത്തായതും അവര്‍ ഉപയോഗപ്പെടുത്തും. ഈ സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും.

പി. ജയരാജന്‍ ആശുപത്രിയിലായതിനാലും അദ്ദേഹം അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാലും എം.വി. ജയരാജനാണ് ഇപ്പോള്‍ അനൗദ്യോഗികമായി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.