പി. ജയരാജന് മുൻകൂർ ജാമ്യമില്ല; യു.എ.പി.എ നിലനിൽക്കും

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻെറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്താൻ പ്രഥദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്. ആസൂത്രിതമായാണ് മനോജിനെ കൊലപ്പെടുത്തിയത്. ജയരാജനൊഴികെ ആർക്കും മനോജിനോട് മുൻവൈരാഗ്യമുണ്ടായിരുന്നില്ല എന്നും ജസ്റ്റിസുമാരായ കെ.ടി ശങ്കരൻ, കെ.പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

സി.ബി.ഐയുടെ വാദങ്ങൾ ഏതാണ്ട് പൂർണമായും കോടതി അംഗീകരിച്ചു. രാഷ്ട്രീയപരമായി പി.ജയരാജൻെറ ആവശ്യം മാത്രമാണ് മനോജിൻെറ കൊലപാതകം. സാധാരണക്കാരാനായാലും എത്ര ഉന്നതനായാലും ശരി. നിയമം എല്ലാവർക്കും തുല്യമാണ്. നാടനാണെങ്കിലും ഫാക്ടറിയിൽ നിർമിച്ചതാണെങ്കിലും ബോംബ് ബോംബ് തന്നെയാണെന്നും കോടതി പറഞ്ഞു. ജയരാജൻ വികലാംഗനാണെന്നും ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.

കേസിന്‍റെ ആദ്യഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും ജയരാജന് ഇതില്‍ പങ്കുണ്ടെന്നതിന് സി.ബി.ഐയുടെ പക്കല്‍ തെളിവുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് പല ഘട്ടങ്ങളിലും ജയരാജനെ കേസില്‍ പ്രതി ചേര്‍ത്തില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെട്ടെന്നാണ് ജയരാജനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാൽ, ഇക്കാര്യങ്ങൾ കോടതി അംഗീകരിച്ചില്ല.

മനോജ് വധത്തിൻെറ ഗൂഢാലോചനയിലും ആസൂത്രണത്തിലും ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജയരാജൻ നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നു. സത്യം പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ജയരാജനെ ചോദ്യം ചെയ്യണമെന്നും സി.ബി.ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

മനോജ് വധക്കേസിൻെറ ബുദ്ധികേന്ദ്രം ജയരാജനാണ്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. മനോജ് വധക്കേസിൽ മാത്രമല്ല. പല മൃഗീയമായ കുറ്റകൃത്യങ്ങളിലും ജയരാജന് പങ്കുണ്ട്. പാർട്ടിയെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുകയാണ് ജയരാജൻെറ രീതിയെന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ കോടതിയെ ബോധിപ്പിച്ചിരുന്നു.

നേരത്തെ മൂന്നു തവണ ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ഒരു തവണ ഹൈകോടതിയും തള്ളിയിരുന്നു. ആർ.എസ്.എസ് നേതാവ് കിഴക്കേ കതിരൂർ ഇളംതോടത്ത് മനോജിനെ കൊല ചെയ്ത കേസിൽ ചോദ്യം ചെയ്യാൻ ജനുവരി 12ന് ഹാജരാകണമെന്ന് രണ്ടാം തവണയും സി.ബി.ഐ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ജയരാജൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി അനിൽ കുമാർ മുമ്പാകെ രണ്ടാമതും മുൻ ജാമ്യാപേക്ഷ നൽകിയത്.

ജനുവരി നാലിന് ഹാജരാകാന്‍ സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയരാജൻ ഒരാഴ്ചത്തെ അവധി അപേക്ഷ നല്‍കുകയായിരുന്നു. അവധി അവസാനിച്ചതിനെ തുടർന്നാണ് ജനുവരി 12ന് തലശേരി ക്യാമ്പ് ഒാഫീസിൽ ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ജയരാജന്‍റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചു. എന്നാൽ, കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.

രണ്ടാമത്തെ തവണ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജയരാജനെ കേസിൽ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം ജില്ലാ സെഷന്‍സ് കോടതിയിൽ സമർപ്പിച്ചു. ഈ സാഹചര്യത്തിൽ ജയരാജൻ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കേസിന്‍റെ പ്രാധാന്യം പരിഗണിച്ച് മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്നാണ് കോടതി വിധിക്കെതിരെ ജയരാജൻ ഹൈകോടതിയെ സമീപിച്ചത്.

2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.