45,000 ഹെക്ടര്‍ പരിസ്ഥിതി ദുര്‍ബല ഭൂമിക്ക് തോട്ടം ഉടമകള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വനഭൂമിയോട് ചേര്‍ന്ന പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ (ഇ.എഫ്.എല്‍) 45,000 ഹെക്ടര്‍ ഭൂമി കേരള സര്‍ക്കാര്‍ ഏറ്റെടുത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോടും ഹരജിക്കാരോടും വിശദീകരണം തേടി.  കേരളത്തിലെ വന്‍കിട തോട്ടം ഉടമകള്‍ അടക്കമുള്ളവര്‍ ഫയല്‍ചെയ്ത ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് ശിവകീര്‍ത്തി സിങ്ങിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിശദീകരണം തേടിയത്. സംസ്ഥാന സര്‍ക്കാറിന്‍െറ 2003ലെ പരിസ്ഥിതി പ്രദേശം നിക്ഷിപ്തമാക്കല്‍ നിയമത്തിന്‍െറ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പൊതുവായി പരിഗണിക്കാതെ ഓരോ ഹരജിക്കാരുടെയും വിഷയം വേറിട്ട് കേള്‍ക്കാനാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കാര്‍ഡമം പ്ളാന്‍േറഷന്വേണ്ടി ഹാജരായ അഡ്വ. കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വ. വിശ്വനാഥന്‍ ഇതിനെ എതിര്‍ത്തു.

അഞ്ചംഗ ഭരണഘടനാബെഞ്ചിന് ഒരു കേസ് വിടുന്നതില്‍ നടപടിക്രമങ്ങളുണ്ടെന്നും അത് ഈ കേസില്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം രണ്ടംഗ ബെഞ്ച് കേസ് കേട്ട ശേഷം ആവശ്യമെങ്കില്‍ മൂന്നംഗ ബെഞ്ചിന് വിടുകയും അവര്‍ക്ക് തോന്നുകയാണെങ്കില്‍ പിന്നീട് അഞ്ചംഗ ബെഞ്ചിന് വിടുകയുമാണ് വേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു. കണ്ണൂരില്‍നിന്നുള്ള തോട്ടം ഉടമ പി.കെ ഹാരിസിന് വേണ്ടി ഹാജരായ  അഡ്വ. ശ്യാം ദിവാനും അഡ്വ. സദ്റുല്‍ അനാമും സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളും അവയിലൊരുക്കിയ സൗകര്യങ്ങളും നശിച്ചുപോകുകയാണെന്നും ഇതില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
പ്രഥമ ദൃഷ്ട്യാ അഞ്ചംഗ ബെഞ്ച് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന വാദം അംഗീകരിക്കാതിരുന്ന സുപ്രീംകോടതി  ഓരോ ഹരജിക്കാര്‍ക്കും തങ്ങളുടെ ഭൂമിയെക്കുറിച്ച് പറയാനുള്ളത് ഒരാഴ്ചക്കകം ഇടക്കാല അപേക്ഷയായി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുകയും വേണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.