സോളാർ: അന്തിമ റിപ്പോർട്ട് വൈകുമെന്ന് കമീഷൻ

കൊച്ചി: സോളാർ കേസിൽ അന്തിമ റിപ്പോർട്ട് വൈകിയേക്കാമെന്ന് കമീഷൻ. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ വിളിപ്പിക്കേണ്ടിവരുമെന്നും കമീഷൻ വ്യക്തമാക്കി. ഏപ്രിൽ 27ന് മുമ്പ് റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ കമീഷൻ അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ തെളിവുകൾ സരിത കമീഷന് മുന്നിൽ ഹാജരാക്കിയതോടെ ഇവരിൽ നിന്നും മൊഴിയെടുക്കേണ്ടതിനാലാണ് റിപ്പോർട്ട് വൈകുന്നത്.

അതിനിടെ സരിത കമീഷന് മുദ്രവച്ച കവറിൽ വീണ്ടും തെളിവുകൾ കൈമാറി. കവറിൽ പെൻഡ്രൈവാണെന്നും ഇനിയും കൂടുതൽ തെളിവുണ്ടെന്നും സരിത കമീഷനെ അറിയിച്ചു. എ.ഡി.ജി.പി പത്മകുമാറിനെതിരെ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. തന്നെ അറസ്റ്റ് ചെയ്യുമ്പോൾ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയെല്ലാം പിടിച്ചെടുത്തെങ്കിലും കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും സരിത കമീഷനെ അറിയിച്ചു. ആ പരാതിയിൽ മൊഴി പോലും എടുത്തില്ല. പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈലും കോടതിയിൽ നൽകിയില്ല. പത്മകുമാറിന്റെ നിർദേശപ്രകാരമായിരുന്നു പെരുമ്പാവൂർ ഡിവൈഎസ്പി തന്നെ അറസ്റ്റ് ചെയ്തത്. വാട്ട്സ്ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ പുറത്തുവന്നത് പത്മകുമാറിലൂടെയാണെന്നും സരിത വ്യക്തമാക്കി.

ടീം സോളറിന്‍റെ പണം ബിജു രാധാകൃഷ്ണൻ  ശാലുവിന് കൊടുത്തിട്ടുണ്ടാകാം. എന്നാൽ ശാലുവിന് പണം കൊടുത്തതിനാണ് കമ്പനി നഷ്ടത്തിലായതെന്ന് കരുതുന്നില്ല. ശാലുവിന് ബിജു രണ്ടു കോടി രൂപ കൊടുത്തതായി കേട്ടിട്ടുണ്ട്. ബിജുവിനെ കാണാൻ ശാലുവിന്‍റെ വീട്ടിൽ പോയ ദിവസമാണ് അറസ്റ്റിലായത്. ബാധ്യതകൾ തീർക്കുന്ന കാര്യം ബിജുവുമായി സംസാരിക്കാനാണ് പോയതെന്നും സരിത പറഞ്ഞു.

ടീം സോളറിന്‍റെ രൂപീകരണത്തിൽ തനിക്കു പങ്കില്ലായിരുന്നു. ബിജു രാധാകൃഷ്ണന്റെ യഥാർഥ പോരോ വിദ്യാഭ്യാസ യോഗ്യതയോ തനിക്കറിയില്ല. ടീം സോളറിൽ താൻ പണം നിക്ഷേപിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. കമ്പനിയുടെ പണമിടപാട് അടക്കം എല്ലാം ചെയ്തത് ബിജുവാണെന്നും സരിത മൊഴി നൽകി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.