നീരാവി ചോര്‍ച്ച: കൂടങ്കുളം ആണവ നിലയം വീണ്ടും അടച്ചു

ചെന്നൈ: ടര്‍ബൈനിലെ നീരാവി ചോര്‍ച്ചയെ തുടര്‍ന്ന് പ്രവര്‍ത്തനസജ്ജമായ കൂടങ്കുളം ആണവ നിലയത്തിലെ ഒന്നാം നമ്പര്‍ റിയാക്ടര്‍ വീണ്ടും അടച്ചു. ടര്‍ബൈനില്‍ നേരിയ ചോര്‍ച്ച കണ്ടത്തെിയെന്നും വ്യാഴാഴ്ച രാത്രി 10.35ന് വൈദ്യുതോല്‍പാദനം നിര്‍ത്തിയെന്നും  കൂടങ്കുളം ആണവ നിലയം ഡയറക്ടര്‍  എസ്. സുന്ദര്‍ അറിയിച്ചു.  തകരാര്‍ പരിഹരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ റിയാക്ടറില്‍നിന്ന് ഊര്‍ജോല്‍പാദനം തുടങ്ങാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആയിരം മെഗാവാട്ട് ശേഷിയിലേക്ക് റിയാക്ടറിന്‍െറ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനിടെയാണ് ചോര്‍ച്ച ഉണ്ടായത്. 300 മെഗാവാട്ടില്‍നിന്നും വ്യാഴാഴ്ച 750 മെഗാവാട്ട് വൈദ്യുതോല്‍പാദനത്തിലേക്ക് എത്തിയ ഉടന്‍ ചെറിയ വിടവിലൂടെ നീരാവി പുറത്തേക്ക് വമിക്കുകയായിരുന്നു. ടര്‍ബൈന്‍ കെട്ടിടത്തിലുണ്ടായ വിള്ളലിലൂടെയാണ് നീരാവി പുറത്തത്തെിയത്. മാസങ്ങളുടെ അറ്റകുറ്റപ്പണിക്ക്ശേഷം പ്രവര്‍ത്തിച്ചു തുടങ്ങിയ യൂനിറ്റില്‍നിന്ന് ചോര്‍ച്ച ഉണ്ടായത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.
തിരുനെല്‍വേലി ജില്ലയിലാണ് നിലയം സ്ഥിതി ചെയ്യുന്നത്. ഏഴുമാസത്തെ അറ്റകുറ്റപ്പണിക്ക് ശേഷം കഴിഞ്ഞമാസം 30നാണ് ഒന്നാംനമ്പര്‍ യൂനിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇക്കാലത്തിനിടെ  തകരാറുകള്‍ പരിഹരിച്ച് നിരവധി പ്രാവശ്യം ഉല്‍പാദനം തുടങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
2014 ഡിസംബര്‍ 31നാണ് വൈദ്യുതോല്‍പാദനം തുടങ്ങിയത്. കൂടങ്കുളം ആണവനിലയ വിരുദ്ധ സമരസമിതി അധ്യക്ഷന്‍ എസ്.പി ഉദയകുമാര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.