സകരിയയുടെ ജയില്‍ ജീവിതം എട്ടാം വര്‍ഷത്തിലേക്ക്

പരപ്പനങ്ങാടി: വിചാരണയും വിസ്താരവും പൂര്‍ത്തീകരിക്കാതെ പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സകരിയയുടെ ജയില്‍ ജീവിതം എട്ടാം വര്‍ഷത്തിലേക്ക്.
ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് 2009 ഫെബ്രുവരി അഞ്ചിന് തിരൂരില്‍ വെച്ചാണ് സകരിയയെ പിടിച്ചുകൊണ്ടുപോയത്. തിരൂരില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇത്. ‘മാധ്യമം’ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് അറസ്റ്റു വിവരം കര്‍ണാടക പൊലീസ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടുകാരെ അറിയിച്ചത്.
ഇന്ന് ഏഴാണ്ട് പിന്നിട്ടിട്ടും ചെയ്ത കുറ്റമെന്താണെന്ന് 25 കാരനായ സകരിയക്കറിയില്ല. സകരിയ നേരത്തേ ജോലി ചെയ്ത കൊണ്ടോട്ടിയിലെ ഇലക്ട്രോണിക് കടയില്‍ വെച്ച് ബോംബ് സ്ഫോടത്തിന് സഹായകരമായ ചിപ്പ് നിര്‍മിച്ചെന്ന കണ്ടത്തെലിന് ബലമേകാനാണ് കേസില്‍ ഒമ്പതാം പ്രതിയായി സകരിയക്കെതിരെ എന്‍.ഐ.എ സംഘം കുറ്റം ചുമത്തിയത്. വിധവയായ മാതാവും സകരിയ ആക്ഷന്‍ ഫോറവും ഈ ചെറുപ്പക്കാരന് നീതി കിട്ടാനുള്ള അക്ഷീണ യത്നത്തിലാണ്.
എന്നാല്‍, വിവിധ കാരണങ്ങളാല്‍ വിചാരണ നീളുകയാണ്. സകരിയ തെറ്റുകാരനെങ്കില്‍ കടുത്ത ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ കുടുംബത്തിനോ ഫ്രീ സകരിയ ആക്ഷന്‍ ഫോറത്തിനോ രണ്ടഭിപ്രായമില്ല.
പി.ടി. റഹീം എം.എല്‍.എ നിയമസഭയിലും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയിലും സോളിഡാരിറ്റി അടക്കമുള്ള സംഘടനകളും സകരിയക്കുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.