ആണ്‍വേഷം കെട്ടി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവതി പിടിയില്‍

തിരുവനന്തപുരം: ആണ്‍വേഷം കെട്ടി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന യുവതിയെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. അമ്പലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷന് സമീപം ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന്ന മേഴ്സി ജോര്‍ജിനെയാണ് (26) അറസ്റ്റ് ചെയ്തത്. പുരുഷന്മാരെപ്പോലെ മുടി മുറിച്ച് ജീന്‍സും ടി ഷര്‍ട്ടും ധരിച്ചാണ് നടപ്പ്. ദിവസവും ട്രെയിന്‍ കയറി വിവിധ സ്ഥലങ്ങളില്‍ ഇറങ്ങിയശേഷം പൂട്ടാതെ വെച്ചിരിക്കുന്ന സ്കൂട്ടി, ഹോണ്ട ആക്ടീവ തുടങ്ങി സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളാണ് ഇവര്‍ കൂടുതലായി മോഷ്ടിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാട്ടാക്കട സ്വദേശിയായ ലിനിറ്റയുടെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട്ടുനിന്ന് ഇവര്‍ മോഷ്ടിച്ച മറ്റൊരു ഇരുചക്ര വാഹനം എറണാകുളം റെയില്‍വേ പാര്‍ക്കിങ്ങ് സ്ഥലത്തുനിന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. പട്ടാളത്തില്‍ ചേര്‍ക്കാമെന്ന് പറഞ്ഞും ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജ രേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയതിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. സൈബര്‍ സിറ്റി എ.സി അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളജ് എസ്.ഐ എസ്. ബിജോയ്, എസ്.ഐ അശോകന്‍, എസ്.സി.പി ഒ. വിജയബാബു, സി.പി.ഒ ബാലു, വനിതാ സി.പി.ഒ ഷാനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.