എന്‍ഡോസള്‍ഫാന്‍ ഇരയുടെ വൈദ്യപഠനത്തിന് ഫീസടക്കാനായില്ല; ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പെര്‍ള: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ വ്യാപ്തി ലോകശ്രദ്ധയിലത്തെിച്ച എന്‍മകജെ സ്വര്‍ഗ ഗ്രാമത്തിലെ ശ്രുതിക്ക് വൈദ്യപഠനത്തിന് മുഖ്യമന്ത്രി നല്‍കിയ സഹായ വാഗ്ദാനം പാഴ്വാക്കായി. കോളജിലെ ഫീസ് അടക്കാന്‍ പണം കണ്ടത്തൊനാവാതെ ശ്രുതിയുടെ ഭര്‍ത്താവ് വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ബംഗളൂരുവിലെ ഹോമിയോ കോളജില്‍ വിദ്യാര്‍ഥിനിയായ ശ്രുതിയുടെ ഭര്‍ത്താവ് ആദൂര്‍ കുണ്ടാറിലെ ജഗദീഷിനെ (24) കഴിഞ്ഞ ദിവസം വൈകീട്ടാണ് കുണ്ടാര്‍ പുഴയോരത്ത് വിഷം അകത്തുചെന്ന നിലയില്‍ കണ്ടത്തെിയത്. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രുതിയുടെ കോളജ് ഫീസ് അടക്കാന്‍ കഴിയാത്തതിന്‍െറ മനോവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ജഗദീഷ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് സ്വന്തം ജീവിതം തന്നെ തെളിവായി നല്‍കേണ്ടിവന്ന ശ്രുതിക്ക് പഠനത്തിന് രണ്ടുവര്‍ഷം മുമ്പാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാമ്പത്തിക സഹായം ഉറപ്പുനല്‍കിയത്.

ശ്രുതി
 

ശ്രുതിക്ക് ഹോമിയോ കോളജില്‍ ചേരാനുള്ള തുക നല്‍കിയത് ഡോക്ടര്‍മാരുടെ സംഘടനയാണ്. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജഗദീഷ് ബംഗളൂരുവിലെ കോളജിലത്തെി ഫീസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് വിശദമായ നിവേദനം കലക്ടര്‍ക്ക് നല്‍കി. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതായി ബന്ധപ്പെട്ടവര്‍ പറയുന്നു.  മൊത്തം ഫീസ് അഞ്ച് ലക്ഷത്തോളം രൂപ വരുമെന്നും ഇതില്‍ രണ്ടരലക്ഷം ഫെബ്രുവരി 28നകം അടച്ചാല്‍ മാത്രമേ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ കഴിയുകയുള്ളൂവെന്നും കോളജില്‍നിന്ന് അറിയിച്ചിരുന്നു. ഇതുവരെയുള്ള ഹോസ്റ്റല്‍ ഫീസും അടച്ചിട്ടില്ല.

വിചിത്ര രീതിയില്‍ വളര്‍ന്ന കൈവിരലുകളും കാലുകളുമായി ദുരിതമനുഭവിക്കുന്ന ശ്രുതിയുടെ ചിത്രം  പത്രപ്രവര്‍ത്തകന്‍ ശ്രീപഡ്രെ പകര്‍ത്തിയത് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ പ്രതീകമെന്ന നിലയില്‍ വിദേശ പ്രസിദ്ധീകരണങ്ങളടക്കം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പെട്ടാണ് കംബോഡിയ സര്‍ക്കാര്‍ ആ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയശേഷം കൃത്രിമ കാലുകളുടെ സഹായത്തോടെയാണ് ശ്രുതി നടക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.