കേരളഹൗസില്‍ സ്ഥാനക്കയറ്റത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ്: ഒപ്പിട്ട് നല്‍കിയത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ

തിരുവനന്തപുരം: കേരള ഹൗസില്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കിയത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ. സര്‍ട്ടിഫിക്കറ്റിന്‍െറ ഒറിജിനല്‍ പരിശോധിക്കാതെയാണ് ഇവര്‍ കോപ്പി ഒപ്പിട്ട് നല്‍കിയത്. റൂം അറ്റന്‍ഡന്‍ഡ് വാസുമോഹന്‍ പിള്ള, കിച്ചണ്‍ ഹെല്‍പര്‍ ആര്‍. ബിജുകുമാര്‍, ബെയറര്‍ സി. ശശിധരന്‍ എന്നിവരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ഈമാസം 28ന് ഗവ. ഡെപ്യൂട്ടി സെക്രട്ടറി ഷൈന്‍ എ. ഹഖ് ഉത്തരവിട്ടിരുന്നു.

കൊച്ചിയിലെ ഐ.ഐ.എം.എസ് എന്ന സ്ഥാപനത്തില്‍നിന്നുള്ള 2012-13 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്‍റ് ഡിപ്ളോമ സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ വ്യാജമായി നിര്‍മിച്ചത്. ഈ പേരുകാരൊന്നും തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചിട്ടില്ളെന്നും ഇവര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പറില്‍ പഠിച്ചത് സി.എം. സരന്‍ രാജ് എന്നയാളാണെന്നും പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കി.

ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും എംപ്ളോയ്മെന്‍റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത വിജിലന്‍സ് അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും റെസിഡന്‍റ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരേ ബുക് നമ്പറും സീരിയല്‍ നമ്പറുമുള്ള സര്‍ട്ടിഫിക്കറ്റ് പേരുമാറ്റിയാണ് ഇവര്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. വ്യാജരേഖയുടെ കോപ്പിയുള്‍പ്പെടെ തെളിവായി ഡല്‍ഹി ഹൈകോടതിയിലത്തെിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 2013 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് നിയമവിരുദ്ധമായ ഈ ഉദ്യോഗക്കയറ്റത്തിന്‍െറ ഉത്തരവുകളിറങ്ങിയത്.

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വകുപ്പുതല ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കണമെന്നും 2015 മാര്‍ച്ച് 21നാണ് കേരള ഹൗസ് ഡെപ്യൂട്ടി സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായ റീത്താ എസ്. പ്രഭ ഫയലില്‍ നിര്‍ദേശമെഴുതിയത്. എന്നാല്‍, ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്‍െറ പൊതുഭരണ വകുപ്പിന്‍െറ ശ്രദ്ധയില്‍പെടുത്തിയാല്‍ മതിയെന്നും അവരുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടിയെടുക്കാമെന്നുമായിരുന്നു റെസിഡന്‍റ് കമീഷണറായിരുന്ന ഗ്യാനേഷ് കുമാറിന്‍െറ തീര്‍പ്പ്. 15ഓളം പേരാണ് ഇത്തരത്തില്‍ അനര്‍ഹമായും നിയമവിരുദ്ധമായും ഉദ്യോഗക്കയറ്റം നേടിയതെന്ന് ആക്ഷേപമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.