100ാം ദിന പദ്ധതി പ്രഖ്യാപനത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ 100ാം ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ ഭവന നിര്‍മാണം ഉള്‍പ്പെടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് ഇടതുമുന്നണി നേതൃയോഗത്തിന്‍െറ അനുമതി.  ഹരിത കേരളം പദ്ധതി, പൊതുവിതരണം ശക്തവും വ്യാപകവുമാക്കുക, വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്താനുതകുന്ന പദ്ധതികള്‍ ഉള്‍പ്പെടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതടക്കമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സര്‍ക്കാറിനെ എല്‍.ഡി.എഫ് ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ ആദ്യവാരംതന്നെ പ്രഖ്യാപിച്ച് ഉടന്‍ നടത്താനാണ് മുന്നണി, സര്‍ക്കാര്‍ തലത്തിലെ ആലോചന. കേന്ദ്ര ഐ.എ.വൈ വീട് പദ്ധതിയുമായി ചേര്‍ന്ന് ഇ.എം.എസ് പാര്‍പ്പിട പദ്ധതിയും എം.എന്‍ ലക്ഷംവീട് പദ്ധതിയും പുനരാവിഷ്കരിക്കുമെന്ന് പ്രകടനപത്രികയില്‍ മുന്നണി പ്രഖ്യാപിച്ചിരുന്നു. മൂന്നു തലത്തിലാണ് സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുക.

ഭൂമിയും വീടും ഇല്ലാത്തവര്‍, ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍, വീടിന്‍െറ പണി തുടങ്ങിയിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ തരംതിരിച്ചാകുമിത്. സംസ്ഥാനത്തെ 4.7 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് തയാറാക്കിയ ഭവനരഹിതരുടെ കണക്ക് അടക്കം പരിശോധിച്ചാവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. പണി തീരാത്ത വീടുകളുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഭൂമി വാങ്ങാന്‍ അനുവാദം നല്‍കുന്നതും പരിഗണിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയെക്കാള്‍ നിശ്ചിത ശതമാനം തുക അധിക നിര്‍മാണ സഹായമായി നല്‍കും. കൂടാതെ, സര്‍ക്കാര്‍തന്നെ ഭൂമി ഏറ്റെടുത്ത് വീടില്ലാത്തവര്‍ക്ക് നല്‍കുന്നതും പരിഗണിക്കും. പ്രതിവര്‍ഷം ഒരു ലക്ഷം വീട് നിര്‍മിക്കാനാണ് ആലോചന.

ജൈവ പച്ചക്കറിയില്‍ ഊന്നിയുള്ള ഭക്ഷ്യ സ്വയംപര്യാപ്തതയും ഉറവിട മാലിന്യ സംസ്കരണവും ഉള്‍പ്പെട്ടതാണ് സമ്പൂര്‍ണ ഹരിത കേരളം പദ്ധതി. ഇതിന് ജനകീയ പ്രചാരണം അടക്കം നടത്തും. 50,000 ഹെക്ടറില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുകയെന്നതും പരിഗണനയിലുണ്ട്. നെല്‍കൃഷിയുടെ ഭൂവിസ്തൃതി വര്‍ധിപ്പിക്കല്‍, നെല്‍വയല്‍ സംരക്ഷണം, തോട്ടവിള സംരക്ഷണം, അമുല്‍ മാതൃകയില്‍ റബര്‍ മേഖലയിലെ ഇടപെടല്‍ എന്നിവയുമുണ്ടായേക്കും. ഉറവിട മാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃത സംസ്കരണ സാങ്കേതികവിദ്യ വ്യാപകമാക്കും.

നദികള്‍, തടാകം, തണ്ണീര്‍ത്തടം അടക്കമുള്ള ജലസ്രോതസ്സ് വീണ്ടെടുക്കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും. ഓണക്കാലത്തുള്ള ഇടപെടല്‍ കൂടാതെ, വിപണിയില്‍ ഇടപെടുന്നതിനും വിശപ്പില്ലാ സംസ്ഥാനമാക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളെ മികവുറ്റതാക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിക്കും. ബോര്‍ഡ്, കോര്‍പറേഷന്‍ പങ്കുവെക്കല്‍ മുന്നണിയുടെ പരിഗണനക്ക് എടുത്തില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.