ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര ഹൈവേ കൊലപാതകത്തിലേക്ക് വഴിതെളിച്ച ഹിമാലയ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ന്ന ആരോപണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി കണിച്ചുകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വ. വി.എ. ഹക്കീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ചിട്ടി കമ്പനി ഉടമകള്‍ക്കുണ്ടായിരുന്ന സ്ഥലം ചെന്നിത്തലക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ചിട്ടി മുതലാളിമാരില്‍ ഒരാള്‍ എഴുതിയ കത്ത് ഹക്കീം തെളിവായി ഹാജരാക്കിയിരുന്നു. ഇത് അന്വേഷിച്ച വിജിലന്‍സ് ഭൂമി ഹിമാലയ ഉടമകളുടെ പേരില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആധാരം ഇവരുടെ പേരിലാണെങ്കിലും ഭൂമി കൈകാര്യം ചെയ്യുന്നത് ആരാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
നിലവില്‍ ലിക്യൂഡേറ്ററുടെ കൈയിലുള്ള 1.22 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഹൈകോടതി അനുവാദം നല്‍കിയിട്ടുണ്ട്.
കേസില്‍ കക്ഷിചേര്‍ന്ന 40, 000ത്തോളം പേര്‍ക്കായി 14 കോടിയാണ് തിരിച്ചുനല്‍കാനുള്ളത്. ലിക്യൂഡേറ്ററുടെ കൈവശമുള്ള 25 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതിനുള്ള നിയമനടപടികളുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുപോകും.
കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ളെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും.
നിക്ഷേപ തുക തിരികെ നല്‍കാന്‍ ലിക്യൂഡേറ്റര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ എറണാകുളത്തെ ഓഫിസിലേക്ക് സെപ്റ്റംബര്‍ ഒന്നിന് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവെച്ചതായി അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജി. പത്മരാജ്, കെ.കെ. പുഷ്പന്‍, മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.