സംഘ്പരിവാര്‍ തേരോട്ടം പുരോഗമന  മന:സാക്ഷിക്കുമേല്‍ –വി.എസ്

തിരുവനന്തപുരം: ആര്‍.എസ്.എസും സംഘ്പരിവാര്‍ ശക്തികളും കേരളത്തിന്‍െറ പുരോഗമന മനസ്സാക്ഷിക്കുമേല്‍ തേരോട്ടം നടത്തുകയാണെന്നും ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍. അന്ധവിശ്വാസവും അനാചാരവും ജാതിബോധവും ഒരിടവേളക്കുശേഷം കേരളത്തില്‍ ശക്തമായി തിരികെ എത്തുകയാണ്. ശ്രീകൃഷ്ണവേഷം കെട്ടിച്ച് നിഷ്കളങ്ക പിഞ്ചുബാല്യങ്ങളെപ്പോലും ആര്‍.എസ്.എസിന്‍െറ അസഹിഷ്ണുതയുടെ കൂടാരത്തിലേക്ക് എത്തിക്കാനാണ് പലരും ശ്രമിക്കുന്നത്. 

ഇതിനെതിരെ കേരളത്തിലെ മതനിരപേക്ഷ മനസ്സ് ഗൗരവമായി പ്രതികരിക്കുന്നുണ്ടോ എന്ന് ചിന്തിക്കണമെന്നും വി.എസ് പറഞ്ഞു. പ്രസ് ക്ളബില്‍ കല്‍ബുര്‍ഗി അനുസ്മരണവും കല്‍ബുര്‍ഗി ഡോക്യുമെന്‍േറഷന്‍ ചിത്രത്തിന്‍െറ ടൈറ്റ്ല്‍ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളെ കാവിപുതപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ആര്‍.എസ്.എസുകാരുടെ കണ്ണില്‍ കല്‍ബുര്‍ഗി ചെയ്ത തെറ്റ് വിഗ്രഹാരാധനക്കെതിരെ പ്രതികരിച്ചു എന്നതാണ്. അതുകൊണ്ടാണ് കല്‍ബുര്‍ഗിയെയും നരേന്ദ്ര ദാഭോല്‍കറെയും പന്‍സാരെയും കൊന്നൊടുക്കിയത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്. ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ ഹിറ്റ്ലറും നടപ്പാക്കിയ സിദ്ധാന്തം തന്നെയാണ് രാജ്യത്ത് ആര്‍.എസ്.എസ് അനുവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്‍റ് പ്രഫ. വി.എന്‍. മുരളി അധ്യക്ഷത വഹിച്ചു. പി.പി. സത്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 
കേരള യുക്തിവാദി സംഘം നേതാവ് ടി.എസ്. പ്രദീപ് സ്വാഗതവും വിജേഷ് തിലക് നന്ദിയും പറഞ്ഞു. അപൂര്‍വ ക്രിയേറ്റിവ് മീഡിയയുടെ ബാനറില്‍ എം.എം. കല്‍ബുര്‍ഗിയെക്കുറിച്ച് അഞ്ച് ഭാഷകളില്‍ നിര്‍മിക്കുന്ന ‘ഡിസെന്‍റ് അറ്റ് പോയന്‍റ് -ബ്ളാങ്ക്’ ചിത്രത്തിന്‍െറ സംവിധാനം വിജേഷ് തിലകും തിരക്കഥ ശ്യാം വെങ്ങാനൂരുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.