വിജിലന്‍സില്‍ പരാതികള്‍ പെരുകുന്നു; ഫയലുകള്‍ നീങ്ങുന്നില്ല

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതികള്‍ പെരുകുമ്പോഴും ഫയലുകള്‍ നീങ്ങുന്നില്ല. യൂനിറ്റ് ഓഫിസുകളില്‍ പ്രതിമാസം 50 പരാതികള്‍ ലഭ്യമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത് 200 മുതല്‍ 250 വരെ പരാതികളാണ്. ഇവയില്‍ പ്രാഥമിക പരിശോധന പോലും ആരംഭിക്കാനാകാതെ ഉദ്യോഗസ്ഥര്‍ വീര്‍പ്പുമുട്ടുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണം. ഒന്നരമാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ച സി.ഐമാര്‍ക്ക് ഇതുവരെ വിടുതല്‍ നല്‍കാന്‍ പോലുമാകാത്ത സാഹചര്യമാണ്. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടിയായില്ല.

അഴിമതി നിരോധന നിയമപ്രകാരം ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥരാണ് വിജിലന്‍സ് കേസുകള്‍ അന്വേഷിക്കേണ്ടത്. സര്‍ക്കാറിന്‍െറ അധികാരം ഉപയോഗിച്ചുവേണമെങ്കില്‍ സി.ഐമാര്‍ക്ക് അന്വേഷണച്ചുമതല നല്‍കാം. ഈ സാഹചര്യത്തിലാണ് കേരളം സി.ഐമാരെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, മിക്ക യൂനിറ്റുകളിലും സി.ഐമാര്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവില്‍. അഴിമതിക്കാരായ ചിലരെ നിയമിച്ചെങ്കിലും ജേക്കബ് തോമസ് അവരെ മടക്കിഅയച്ചു.

ഈ സാഹചര്യത്തിലാണ് വിജിലന്‍സില്‍നിന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐമാര്‍ക്ക് വിടുതല്‍ നല്‍കാനാകാത്തത്. മിക്ക യൂനിറ്റുകളിലും സി.ഐമാരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യവുമുണ്ട്. ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍, മൊഴിയെടുക്കല്‍, റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സി.ഐ ഒറ്റക്ക് ചെയ്യേണ്ട സാഹചര്യമാണ്. ഇതിനാല്‍ പ്രമാദമായ കേസുകളും ഒച്ചിന്‍െറ വേഗത്തിലാണ് പോകുന്നത്.

വിജിലന്‍സില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധരല്ലാത്തതാണ് പ്രശ്നകാരണമെന്ന് ആഭ്യന്തരവകുപ്പ് ഉന്നതര്‍ പറയുന്നു. വിജിലന്‍സ് ക്ളിയറന്‍സ് ലഭിക്കുന്ന ഉദ്യോഗസ്ഥരെ മാത്രമേ വിജിലന്‍സില്‍ നിയമിക്കാനാകൂ. ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് അയക്കാന്‍ സാധിക്കില്ല. പ്രതിസന്ധി മറികടക്കാന്‍ വിജിലന്‍സ് ക്ളിയറന്‍സുള്ള സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.