വന്ധ്യംകരണം: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി പാളി

കോട്ടയം: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തുകള്‍ക്ക് ആയിരത്തോളം ഗ്രാമപഞ്ചായത്തുകള്‍ ഇക്കൊല്ലം 20കോടി രൂപ നല്‍കിയിട്ടും പദ്ധതി തുടക്കത്തില്‍ തന്നെ പാളിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നും മറ്റുള്ളവയെ വന്ധ്യംകരിച്ചും ജനങ്ങളെ രക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഓരോ ഗ്രാമപഞ്ചായത്തും ഇക്കൊല്ലം ജനുവരിയില്‍ രണ്ടുലക്ഷം രൂപവീതം ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയിരുന്നു. ഇപ്രകാരം ലഭിച്ച തുക ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ പല ജില്ലാ പഞ്ചായത്തുകളും ഗുരുതര വീഴ്ച വരുത്തിയെന്നും തദ്ദേശവകുപ്പിന്‍െറ റിപ്പോര്‍ട്ടിലുണ്ട്.

ചില പഞ്ചായത്തുകള്‍ പേരിനുമാത്രം വന്ധ്യംകരണം നടത്തി പദ്ധതി നിര്‍ത്തിയപ്പോള്‍ ഇനിയും തുക ചെലവഴിക്കാത്ത ജില്ലാ പഞ്ചായത്തുകളും നിരവധിയാണ്.
നായശല്ല്യം രൂക്ഷമായിട്ടും ഒരു ജില്ലാ പഞ്ചായത്തിലും പദ്ധതി ഇപ്പോള്‍ നിലവിലില്ളെന്നാണ് വിവരം. കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെ സംസ്ഥാനത്ത് 45,000 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്നാണ് കണക്ക്. മരിച്ചവര്‍ പത്തില്‍ തഴെയും. നാലുവര്‍ഷത്തിനിടെ നായ്ക്കളുടെ കടിയേറ്റ് മരിച്ചവര്‍ അമ്പതും.
എന്നിട്ടും പദ്ധതി വിജയകരമായി നടത്താന്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞില്ളെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം മൂന്നരലക്ഷത്തിലധികമാണ്. അപകടകാരികളായ നായ്ക്കളെ കൊല്ലാനും മറ്റുള്ളവയെ വന്ധ്യംകരിക്കാനും സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നേരത്തേ അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കണ്ടിട്ടില്ല. അതേസമയം, നിയമത്തിന്‍െറ പരിധിയില്‍നിന്ന് വന്ധ്യംകരണം നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ജില്ലാ പഞ്ചായത്തുകള്‍ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് സര്‍ക്കാറിന്‍െറ നിഗമനം. നായ ഒന്നിന് 2300 രൂപവരെ വന്ധ്യംകരണത്തിനായി കണക്കാക്കിയിരുന്നു.

ഇതിനായി മൃഗഡോക്ടര്‍മാരുടെ സഹായം തേടിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചില്ല. നായ്ക്കളെ പിടിക്കാന്‍ പരിശീലനം ലഭിച്ചവരെയും കിട്ടാതായി. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട നിയമനടപടികളും മൃഗസംരക്ഷണ ബോര്‍ഡിന്‍െറ അനുമതി തേടലുമൊക്കെ തലവേദനയായപ്പോള്‍ പല പഞ്ചായത്തുകളും പദ്ധതിയില്‍നിന്ന് പിന്മാറി. ചിലര്‍ പദ്ധതി തന്നെ ഉപേക്ഷിച്ചു.തുടര്‍ച്ചയായി മൂന്നുവര്‍ഷം വന്ധ്യംകരണവുമായി മുന്നോട്ടുപോയാല്‍ മാത്രമെ പദ്ധതി ഫലപ്രദമാകൂവെന്ന് നിര്‍ദേശിച്ചെങ്കിലും ഇക്കാര്യത്തിലും ഗുരുതര വീഴ്ച സംഭവിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയ തുക അതത് ഗ്രാമപഞ്ചായത്തുകളില്‍ തന്നെ വിനിയോഗിച്ചിരുന്നെങ്കില്‍ നായശല്ല്യം ഇത്രയധികമാവില്ളെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.