വില്ലന്‍ വിലസുന്നു നാടാകെ

വയനാട്ടില്‍ പാരമത്ത്യല്‍
കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, പനമരം, പുല്‍പള്ളി, മേപ്പാടി തുടങ്ങിയ പ്രധാന ടൗണുകളിലൊക്കെ നായശല്യം രൂക്ഷമാണ്. അലക്ഷ്യമായി കൂട്ടിയിടുന്ന മാലിന്യങ്ങളാണ് ടൗണുകളില്‍ തെരുവുനായ ശല്യത്തിന് ആക്കംകൂട്ടുന്നത്.
ജനസാന്ദ്രത കുറഞ്ഞ വയനാടന്‍ ഗ്രാമപ്രദേശങ്ങളില്‍ അതിരാവിലെ സ്കൂളിലേക്കും മദ്റസകളിലേക്കുമൊക്കെ പോകുന്ന വിദ്യാര്‍ഥികള്‍ നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്. കണിയാരത്ത് അഞ്ചുമാസം മുമ്പ് തെരുവുനായ്ക്കള്‍ അധ്യാപകനും വിദ്യാര്‍ഥികളുമടക്കം ആറു പേരെയാണ് കടിച്ചത്.

ആക്രമണം: കണ്ണൂരില്‍ നിത്യസംഭവം
തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത് കണ്ണൂര്‍ജില്ലയില്‍ നിത്യസംഭവം.  ഈവര്‍ഷം ഇതുവരെയായി ജില്ലയില്‍ 1580 പേര്‍ ആക്രമണത്തിനിരയായതായാണ് കണക്ക്.  
കടവത്തൂരില്‍ പെണ്‍കുട്ടിയുടെ മുഖം കടിച്ചുകീറിയ ദാരുണസംഭവം ഈയിടെയാണുണ്ടായത്. ഉള്‍പ്രദേശങ്ങളിലാണ് നായ്ക്കളുടെ ആക്രമണം കൂടുതല്‍. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും അറവുശാലകള്‍ക്ക് സമീപവും പകല്‍പോലും നായ്ക്കളുടെ സൈ്വരവിഹാരമാണ്. കൂടുതല്‍ ഇരകളാവുന്നത് കുട്ടികളും സ്ത്രീകളുമാണ്.


കോഴിക്കോട് പട്ടാപ്പകലും നായപ്പേടി
കോഴിക്കോട് ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ നായശല്യം രൂക്ഷമാണ്. അതിരാവിലെ നടക്കാനിറങ്ങുന്നവരും മദ്റസകളിലും മറ്റും പോകുന്നവര്‍ക്കാണ് നേരത്തേ കടിയേറ്റിരുന്നതെങ്കില്‍ പട്ടാപ്പകലും നായപ്പേടിയിലാണ് ജനം.
ചേവരമ്പലത്ത് അമ്മയുടെ ഒക്കത്തിരുന്ന മൂന്നു വയസ്സുകാരിയെ കടിച്ചുകീറിയ നായ തൊട്ടടുത്ത വീട്ടില്‍ കയറി വീട്ടമ്മയെയും രക്ഷിക്കാനത്തെിയ അയല്‍ക്കാരായ കുട്ടികളെയും ആക്രമിച്ചത് ഈയടുത്താണ്. ഏഴുപേര്‍ക്കാണ് അന്ന് കടിയേറ്റത്. സമാന സംഭവങ്ങള്‍ ഒട്ടേറെയാണ് ജില്ലയിലുണ്ടായത്.
മാവൂര്‍റോഡിലും പാളയത്തും രാത്രിയില്‍ ബൈക്കുകള്‍ക്കുനേരേ തെരുവുനായ കുരച്ചുചാടുന്നത് സ്ഥിരം സംഭവങ്ങളാണ്.
ആദ്യത്തെ ശ്വാന വന്ധ്യംകരണകേന്ദ്രം കാസര്‍കോട്ട്
2013 ജനുവരി മുതല്‍ 2016 മെയ് വരെ ജില്ലയില്‍  6126 പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഈ വര്‍ഷം കഴിഞ്ഞ അഞ്ചു മാസത്തിനിടെ 687 പേര്‍ക്ക് കടിയേറ്റു. ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ വര്‍ധന നിയന്ത്രിക്കാന്‍ മിഷന്‍ എ.ബി.സി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ ശ്വാന വന്ധ്യംകരണകേന്ദ്രം കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചിരിക്കയാണ്.  

മലപ്പുറത്ത് വന്‍ ഭീഷണി
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. രാവിലെ റോഡിലിറങ്ങുന്ന പത്ര, പാല്‍ വിതരണക്കാരും പ്രഭാത പ്രാര്‍ഥനക്ക് പോകുന്നവരും മദ്റസ വിദ്യാര്‍ഥികളും പലപ്പോഴും നായ്ക്കളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. കുറച്ചു മുമ്പ് മമ്പാട്, ചുങ്കത്തറ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. മഞ്ചേരി പയ്യനാട് ചെങ്ങണ ബൈപ്പാസില്‍ തള്ളുന്ന അവശിഷ്ടങ്ങള്‍ തേടിയത്തെുന്ന നായ്ക്കള്‍ യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു.

പൊറുതിമുട്ടി പാലക്കാട്
പാലക്കാട് നഗരത്തിലെ ജനസാന്ദ്രതയേറിയ പുതുപ്പള്ളി തെരുവില്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് എട്ടു പേരെയാണ് തെരുവ് നായ്ക്കള്‍ കടിച്ചത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ഇവര്‍ക്ക് അടിയന്തര ചികില്‍സ ലഭിച്ചത്. പ്രധാന റോഡുകളുടെ ഓരത്ത് നിക്ഷേപിക്കുന്ന കോഴി അവശിഷ്ടം ഉള്‍പ്പെടെയുള്ള മാലിന്യം നായ്ക്കള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. നായ്ക്കളെ കൊല്ലുന്നതിലൂടെ മാത്രം പ്രശ്നത്തിന് പരിഹാരമാവില്ളെന്നാണ് ഇവരുടെ പക്ഷം. പെറ്റുപെരുകുന്നത് ഇല്ലാതാക്കുകയാണ് യഥാര്‍ഥ പോംവഴി.
ഇതിനായി എ.ബി.സി എന്ന പേരിലുള്ള വന്ധ്യംകരണ പദ്ധതി കണ്ണാടി ഗ്രാമപഞ്ചായത്തില്‍ സംഘടിതമായി ആരംഭിച്ചു കഴിഞ്ഞു.

തൃശൂര്‍ നായ് വിഹാര കേന്ദ്രം
തൃശൂര്‍ നഗരത്തില്‍ മാലിന്യ നീക്കം ഏറക്കുറെ സ്തംഭിച്ച സാഹചര്യത്തില്‍ തെരുവുനായ ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. ജില്ലയുടെ മറ്റു പ്രദേശങ്ങളിലും ഈ അവസ്ഥയുണ്ട്. ജില്ലയില്‍ 71,000 തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് മൃഗ സംരക്ഷണ വകുപ്പ് കണക്ക്. തൃശൂര്‍ നഗരത്തില്‍ മാത്രം നാലായിരത്തോളമുണ്ട്. തെരുവുനായ ആക്രമണ വാര്‍ത്തകള്‍ ദിനേനയെന്നോണം ജില്ലയുടെ ഓരോ പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നഗരത്തിന് പുറമെ ഈയടുത്ത ദിവസങ്ങളില്‍ മാളയിലും ചെറുതുരുത്തിയിലും ചേര്‍പ്പിലും പുറനാട്ടുകരയിലും തെരുവുനായ ആക്രമിച്ച സംഭവങ്ങളുണ്ടായി. തൃശൂര്‍ കോര്‍പറേഷന്‍ രണ്ടിടത്ത് തുറന്ന തെരുവുനായ വന്ധീകരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. തദ്ദേശ ഭരണ സ്ഥാപനങ്ങളും മൃഗ സംരക്ഷണ വകുപ്പും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണ് പൂട്ടാന്‍ കാരണം. നഗരത്തില്‍ വഴിയോരങ്ങളിലെല്ലാം മാലിന്യം കൂടിക്കിടക്കുന്നുണ്ട്.

തെരുവുനായ്ക്കള്‍ വാഴുന്ന എറണാകുളം
കൊച്ചി: സംസ്ഥാനത്ത് തെരുവുനായശല്യത്തില്‍ പൊറുതിമുട്ടുന്ന ജില്ലകളില്‍ മുന്നിലാണ് എറണാകുളം. കൊച്ചി നഗരത്തിലാണ് ഇവയുടെ ശല്യം ഏറ്റവും രൂക്ഷം. രാത്രിയില്‍ റോഡുകള്‍ കൈയടക്കുന്ന നായ്ക്കള്‍ യാത്രക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നത് തടയാന്‍ കൊച്ചി നഗരസഭ നാല് ജീവനക്കാരെ മാത്രമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ 2014, 2015 വര്‍ഷങ്ങളിലാണ് കൂടുതല്‍ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. 2014ല്‍ ഏകദേശം 12000ത്തോളം പേരും 2015ല്‍ പതിനായിരത്തോളം പേരും ഇവയുടെ ആക്രമണത്തിന് ഇരയായി. അന്ന് മനുഷ്യാവകാശ കമീഷന്‍ പ്രശ്നത്തില്‍ ഇടപെടുകയും വകുപ്പ് സെക്രട്ടറിമാരെ വിളിപ്പിക്കുകയും ചെയ്തിരുന്നു.

കോട്ടയത്ത് ചികിത്സ തേടിയത് 2000ത്തില്‍
അധികംപേര്‍

കോട്ടയം: തെരുവുനായ്ക്കളുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലും ജില്ലയിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്തെിയവരുടെ എണ്ണം രണ്ടായിരത്തിലധികം. കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ 31വരെ കോട്ടയം മെഡിക്കല്‍ കോളജില്‍ നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 1592പേരാണ്. ഇതില്‍ വളര്‍ത്തുനായയുടെ കടിയേറ്റവരും ഉള്‍പ്പെടും.
600ലധികം പേര്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നാണ് കണക്ക്. ഇതിന് പുറമെ പൂച്ചയുടെ കടിയേറ്റ് 1007പേരും മറ്റ് മൃഗങ്ങളുടെ കടിയേറ്റ് 152 പേരും മെഡിക്കല്‍ കോളജില്‍ മാത്രം ചികിത്സക്കത്തെി. സ്വന്തം വീട്ടുമുറ്റത്തുപോലും മനുഷ്യര്‍ തെരുവുനായ്ക്കളില്‍നിന്ന് സുരക്ഷിതരല്ളെന്ന് തെളിയിച്ച സംഭവങ്ങള്‍ വരെ ജില്ലയിലുണ്ട്. .

തിരുവനന്തപുരത്ത് ഈ മാസം 858 പേര്‍ക്ക് കടിയേറ്റു
ജനജീവിതത്തെ ഭീതിയിലാഴ്ത്തി സൈ്വരവിഹാരം നടത്തുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 14368 പേര്‍ ചികിത്സ തേടിയതായി കണക്കുകള്‍. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ചികിത്സ തേടിയത് 8336 പേരായിരുന്നു. നഗരത്തിനു പുറത്ത് വര്‍ക്കല, ആറ്റിങ്ങല്‍, വിഴിഞ്ഞം, കോവളം, പുല്ലുവിള, ബാലരാമപുരം, നെടുമങ്ങാട്, പോത്തന്‍കോട്, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് നായ ആക്രമണത്തിന് ഇരയായി ചികിത്സ തേടിയവരില്‍ അധികവും.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1119 പേരാണ് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രിവരെ ചികിത്സ തേടിയത്. എന്നാല്‍, 2016 ജനുവരിയില്‍ 2715 പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സതേടി. തുടര്‍ന്നുള്ള മാസങ്ങളിലെയും കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തേയും കണക്കുകള്‍ ഇപ്രകാരം:
ഫെബ്രുവരി: 986- 2149, മാര്‍ച്ച്: 1681-2216, ഏപ്രില്‍: 1429- 2290, മേയ്: 1397- 2100, ജൂണ്‍: 1724- 2023. ഈ വര്‍ഷം ജൂലൈയില്‍ 2007പേരാണ് ചികിത്സ തേടിയത്. ആഗസ്റ്റ് 20 വരെ 858 പേര്‍ ചികിത്സതേടി. തെരുവുനായ ആക്രമണത്തിന് വിധേയരായവരെല്ലാം പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

വീടുകളിലും
സുരക്ഷയില്ലാതെ കൊല്ലം

ജില്ലയില്‍ തെരുവുനായശല്യം നിമിത്തം ജനം പൊറുതിമുട്ടി. പരവൂര്‍ നെടുങ്ങോലത്ത് ഞായറാഴ്ച 50 മുട്ടക്കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതും പുത്തൂരില്‍ 70ലധികം ഇറച്ചിക്കോഴികളെ കടിച്ചുകൊന്നതുമാണ് അവസാന സംഭവം. വീടുകളില്‍പോലും സുരക്ഷിതരല്ലാത്ത സ്ഥിതിയിലാണ് ജനം. പകല്‍ വീടിന്‍െറ കതകുകള്‍ അടയ്ക്കാതിരുന്നാല്‍ നായ്ക്കള്‍ കടന്നുവന്ന് കടിച്ചുകീറുമെന്ന ഭയം നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാണ്. സമാന സംഭവങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായതോടെ എല്ലായിടത്തും ജനം കരുതലിലാണ്. സന്ധ്യയായാല്‍ ഗ്രാമങ്ങളും നഗരവും തെരുവുനായ്ക്കള്‍ കൈയടക്കുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.