തൊടുപുഴ: വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ നൂതന വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് രാജ്യത്താദ്യമായി ഇടുക്കിയില്‍ തുടക്കമാകുന്നു. വിദ്യാഭ്യാസ പുരോഗതിയിലൂടെ അധികാരകേന്ദ്രങ്ങളിലും ഭരണനിര്‍വഹണ രംഗത്തും എത്താന്‍ പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്‍റിച്ച്ഡ് സൊസൈറ്റി (ഐസ്) എന്ന പേരിലുള്ള പദ്ധതിയുടെ ലക്ഷ്യം. നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന സമഗ്ര പരിശീലന പരിപാടിക്ക് സെപ്റ്റംബര്‍ 24ന് തുടക്കം കുറിക്കും.
ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലെ മൂന്ന് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളും ഒരു സി.ബി.എസ്.ഇ സ്കൂളും 70 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടെ 74 സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 4500 ഒമ്പതാംക്ളാസ് വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം. ഒരു സ്കൂളില്‍ 60 വിദ്യാര്‍ഥികളടങ്ങുന്ന ബാച്ചിന് ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ദിവസം ആറ് മണിക്കൂര്‍ വീതം പത്ത് ക്ളാസുകള്‍ സംഘടിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും പഠനോപകരണങ്ങളും പൂര്‍ണമായും സൗജന്യമാണ്. വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന പരിശീലനത്തില്‍ പത്താംക്ളാസ് വിജയിച്ചവര്‍ക്ക് രാജ്യത്തിനകത്തെയും പുറത്തെയും വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകള്‍ സമഗ്രമായി പരിചയപ്പെടുത്തുന്നതിനൊപ്പം ഭാഷാനൈപുണ്യം, വ്യക്തിത്വ വികാസം എന്നിവക്കും ഊന്നല്‍ നല്‍കും. രക്ഷിതാക്കള്‍ക്ക് പ്രത്യേക ഓറിയന്‍േറഷന്‍ ക്ളാസുകളും ഉണ്ട്.
50ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് നടപ്പാക്കുന്നതെന്നും അന്തര്‍ദേശീയ സ്ഥാപനമായ എസ്.ബി ഗ്ളോബലിനാണ് പരിശീലന ചുമതലയെന്നും അഡ്വ. ജോയ്സ് ജോര്‍ജ് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആസൂത്രണവും പരിശീലനവും ഇല്ലാത്തതുമൂലം ഉന്നതസ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാതെപോകുന്ന സമര്‍ഥരായ വിദ്യാര്‍ഥികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും മന$ശാസ്ത്രജ്ഞരുടെയും ഒരുവര്‍ഷത്തെ പഠനങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് പദ്ധതിയെന്നും എം.പി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സൗത് ഇന്ത്യന്‍ കോഓഡിനേറ്റര്‍ ദിപു തോമസ്, സോണല്‍ കോഓഡിനേറ്റര്‍ അജയ് തോമസ് ജോര്‍ജ്, എക്സിക്യൂട്ടിവ് അംഗം രാജേഷ് ബേബി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.