ആധാരം വിലകുറച്ചു രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

തിരുവനന്തപുരം: ആധാരം വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണ് കാലാവധി. 1986 മുതല്‍ 2010 മാര്‍ച്ച് 31വരെ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും ഒരേക്കറില്‍ താഴെ വിസ്തീര്‍ണവുമുള്ള ഭൂമി ഉള്‍പ്പെട്ട അണ്ടര്‍ വാല്വേഷന്‍ കേസുകളും ഫ്ളാറ്റുകള്‍/അപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിവ ഉള്‍പ്പെട്ട അണ്ടര്‍ വാല്വേഷന്‍ കേസുകളും ഉള്‍പ്പെടുത്തി മുദ്രവില ഈടാക്കി തീര്‍പ്പാക്കും.

അഞ്ച് സെന്‍റ് വരെയുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പറേഷന്‍ പരിധിയില്‍ 2000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 1000 രൂപയും അടയ്ക്കണമെന്നതു കൂടാതെ തുക അടയ്ക്കുന്നതില്‍നിന്ന് പഞ്ചായത്ത് പരിധിയെ പൂര്‍ണമായും ഒഴിവാക്കി. അഞ്ചുമുതല്‍ 10 സെന്‍റ് വരെ കോര്‍പറേഷന്‍ പരിധിയില്‍ 4000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 2000 രൂപയും പഞ്ചായത്ത് പരിധിയില്‍ 1000 രൂപയും അടയ്ക്കണം. സ്ഥലം കൂടുന്നതിനനുസരിച്ച് തുകയും കൂടും. 50 സെന്‍റ് മുതല്‍ ഒരേക്കര്‍ വരെ, കോര്‍പറേഷന്‍ പരിധിയില്‍ 10,000 രൂപയും 50 സെന്‍റില്‍ കൂടുതലുള്ള ഓരോ സെന്‍റിനും അതിന്‍െറ ഭാഗത്തിനും 300 രൂപാ വീതവും അടയ്ക്കണം. മുനിസിപ്പല്‍ പരിധിയില്‍ 5000 രൂപയും കൂടുതലുള്ള ഓരോ സെന്‍റിനും 200 രൂപ വീതവും പഞ്ചായത്ത് പരിധിയില്‍ 2000 രൂപയും കൂടുതലുള്ള ഓരോ സെന്‍റിനും 100 രൂപ വീതവും അടയ്ക്കണം.

ഫ്ളാറ്റ്/അപ്പാര്‍ട്ട്മെന്‍റ് എന്നിവയുടെ വിസ്തീര്‍ണം 500 ചതുരശ്രയടി വരെയുള്ള കൈമാറ്റങ്ങള്‍ക്ക് കോര്‍പറേഷന്‍ പരിധിയില്‍ 2000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 1000 രൂപയും അടയ്ക്കണമെന്നതു കൂടാതെ, പഞ്ചായത്ത് പരിധിയെ പൂര്‍ണമായി ഒഴിവാക്കി. 1000 ചതുരശ്രയടി വരെ കോര്‍പറേഷന്‍ പരിധിയില്‍ 4000 രൂപയും മുനിസിപ്പല്‍ പരിധിയില്‍ 2000  രൂപയും പഞ്ചായത്ത് പരിധിയില്‍ 1000 രൂപയും അടയ്ക്കണം. വിസ്തീര്‍ണം കൂടുന്നതിനനുസരിച്ച് തുക കൂടും. രണ്ടായിരത്തില്‍ കൂടുതലുള്ള ഓരോ ചതുരശ്രയടിക്കും 500 രൂപ വീതവും, മുനിസിപ്പല്‍ പരിധിയില്‍ 7000 രൂപയും കൂടുതലുള്ള ഓരോ 100 ചതുരശ്രയടിക്കും 300 രൂപ വീതവും, പഞ്ചായത്ത് പരിധിയില്‍ 2000 രൂപയും അടയ്ക്കണം.
നേരത്തേ നടപടിക്ക് വിധേയമായി പണം അടച്ചുതീര്‍പ്പാക്കിയ കേസുകള്‍ക്ക് പദ്ധതി ബാധകമല്ല.

നേരിട്ട് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് അതത് ജില്ലാ രജിസ്ട്രാറിന്‍െറ (ജനറല്‍) പേര്‍ക്ക് ഡി.ഡി നല്‍കാം. തീര്‍പ്പാക്കുന്ന കേസുകള്‍ ഓഫിസ് റെക്കോഡില്‍ സൂക്ഷിക്കും. തുക അടയ്ക്കുന്ന സമയത്ത് സബ്രജിസ്ട്രാര്‍ ഓഫിസില്‍ അസ്സല്‍ ആധാരം ഹാജരാക്കിയാല്‍ ആധാരത്തിലും തുക ഈടാക്കിയ വിവരം രേഖപ്പെടുത്തിക്കൊടുക്കും. തുക അടയ്ക്കാന്‍ തയാറാകാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെ നിയമ നടപടി സ്വീകരിക്കും. വിവരങ്ങള്‍ അതത് ജില്ലാ രജിസ്ട്രാര്‍ ഓഫിസുകളിലും സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.