പുറമേരി കോവിലകത്ത് എന്നും പൂക്കളം

നാദാപുരം: പൂക്കാലത്തിനും പൂവിളിക്കും കാത്തുനില്‍ക്കാറില്ല ഈ കോവിലകത്ത് എന്നും സുഗന്ധമുള്ള പൂക്കളമൊരുങ്ങാന്‍. ഓണത്തെ വരവേല്‍ക്കാന്‍ അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കുന്നത്ത് മലയാളികളുടെ ശീലമാണ്. എന്നാല്‍, പുറമേരി കോവിലകത്ത് എന്നും പൂക്കളം വിരിയും. കടത്തനാട് രാജവംശത്തിലെ പൊറളാതിരി ആയഞ്ചേരി കോവിലകത്തെ ഉദയവര്‍മ ഇളയരാജയുടെ കാലത്ത് തുടങ്ങിയതാണ് ഈ പൂക്കളം തീര്‍ക്കല്‍. കാലഭേദങ്ങളില്ലാതെ ഏഴര പതിറ്റാണ്ടായി ജീവിതചര്യയുടെ ഭാഗമായി മാറിയ പൂക്കളമൊരുക്കല്‍ ഇന്നും കാത്തുസൂക്ഷിക്കുകയാണ് ഈ കുടുംബം.

കെ.സി. വത്സല തമ്പുരാട്ടിയും ഭര്‍ത്താവ് കെ.സി. ഉദയവര്‍മ രാജയുമാണ് തലമുറകളായി കൈമാറി വന്ന ആചാരം ഇന്ന് നിലനിര്‍ത്തിപ്പോരുന്നത്. എന്നും രാവിലെ ആറുമണിയോടെതന്നെ പൂക്കളം തീര്‍ത്തതിന് ശേഷമാണ് ഇവിടെ മറ്റ് ദിനചര്യകള്‍ ആരംഭിക്കുന്നത്. ചിലപ്പോള്‍ പത്തിനം പൂക്കള്‍ വരെ ഉമ്മറത്ത് സ്ഥാനം പിടിക്കും. പൂറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ് ഉദയവര്‍മ രാജ. ഭാര്യ കെ.സി. വത്സല തമ്പുരാട്ടിയും ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു.

ഉദയവര്‍മ രാജയുടെ അമ്മ കാസര്‍ക്കോട് നീലേശ്വരം കിണാവൂര്‍ കോവിലകത്തെ കെ.സി. ഉമാമഹേശ്വരി തമ്പുരാട്ടി പുറമേരി കോവിലകത്തത്തെിയതോടെയാണ് പൂക്കളം തീര്‍ക്കുന്നത് പതിവായത്. രാജവാഴ്ചയും കോവിലകങ്ങളും വിസ്മൃതിയിലേക്ക് മായുമ്പോഴും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയാണ് ഈ കുടുംബം. ഉദയവര്‍മ രാജയുടെ മകന്‍ കെ.സി. ഹരിശങ്കര വര്‍മ രാജ കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്‍െറ ഫിസിയോതെറപ്പിസ്റ്റായിരുന്നു. കെ.സി. ഉമ, കെ.സി. ഊര്‍മിള എന്നിവര്‍ മക്കളാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.