ക്യൂവില്‍നിന്ന് മദ്യം വാങ്ങുന്നത് തുടരാന്‍ കഴിയില്ലെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട്: മദ്യം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ളെങ്കിലും ക്യൂവില്‍നിന്ന് മദ്യം വാങ്ങുന്നത് തുടരാന്‍ കഴിയില്ളെന്നും ഇക്കാര്യത്തില്‍ ഗൗരവതരമായ ആലോചന ആവശ്യമാണെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അഴിമതിയില്‍ തകര്‍ക്കപ്പെട്ട സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്. അഴിമതിയില്‍നിന്ന് സ്ഥാപനത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തിയായിരിക്കും ഈ നടപടികള്‍. സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡിന്‍െറ പ്രവര്‍ത്തനങ്ങളില്‍ എക്സൈസ് വകുപ്പിനിടപെടാനാവില്ളെന്നും മന്ത്രി പറഞ്ഞു. നിലവിലെ മദ്യവില്‍പനയിലെ നിലപാടുമൂലം ടൂറിസം മേഖല വലിയ പ്രതിസന്ധി നേരിടുന്നു എന്നതിനാലാണ് ടൂറിസം മന്ത്രി അത്തരമൊരു നിലപാട് വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ കത്ത് തനിക്ക് ലഭിച്ചിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കാവശ്യമായ മദ്യം ലഭിക്കുന്നില്ല. ടൂറിസം പോയന്‍റുകളില്‍ മാത്രമെങ്കിലും വില്‍പനയില്‍ ഇളവുണ്ടാക്കേണ്ടതുണ്ട്. ഇക്കാര്യവും സര്‍ക്കാര്‍ ആലോചിക്കുമെന്നും എല്ലാ കോണുകളില്‍നിന്നുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മദ്യവില്‍പനക്ക് ഒരു സംവിധാനമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പുതിയ മദ്യഷാപ്പുകള്‍ തുറന്നിട്ടില്ല. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാറുകളില്‍ ബിയറും വൈനും മാത്രം വില്‍ക്കാനാണ് അനുവാദം. വിദേശമദ്യം വില്‍പന നടത്തിയ ബാറിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഗവണ്‍മെന്‍റിന്‍െറ നയം മദ്യനിരോധമായിരുന്നെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നയം മദ്യവര്‍ജനമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ല. പൊതുജനങ്ങളില്‍ മദ്യത്തിന്‍െറ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അഴിമതിയിലധിഷ്ഠിതവും ലാഭകരമല്ലാത്തതുമായ നന്മ സ്റ്റോറുകളുള്‍പ്പെടെയുള്ളവ പൂട്ടുന്നതുതന്നെയാണ് നല്ലതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.