അസിസ്റ്റന്‍റ് തസ്തിക: പി.എസ്.സി നിയമനത്തോട് മുഖംതിരിച്ച് സര്‍വകലാശാലകള്‍

കൊല്ലം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ തുടര്‍നടപടി വൈകിപ്പിക്കാന്‍ നീക്കം. മിക്ക സര്‍വകലാശാലകള്‍ക്കും പി.എസ്.സി നിയമനത്തോട് താല്‍പര്യമില്ളെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ളെന്ന പരാതികള്‍ക്കിടെ നിലവിലെ ഒഴിവുകളില്‍ പരമാവധി താല്‍ക്കാലിക നിയമനം നടത്താനാണ് ശ്രമം. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലായി നിലവില്‍ 1500ഓളം അസിസ്റ്റന്‍റുമാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്. സ്ഥാനക്കയറ്റം, വിരമിക്കല്‍ എന്നിവകൂടി കണക്കിലെടുത്താല്‍ അടുത്ത മൂന്നുവര്‍ഷത്തിനിടെ 3000 ഒഴിവിലെങ്കിലും നിയമനം ആവശ്യമായിവരും. എന്നാല്‍, മിക്ക സര്‍വകലാശാലകളും നിലവിലുള്ളതിന്‍െറ പകുതി ഒഴിവുപോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇതിനകം റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ പി.എസ്.സിയും നല്‍കുന്നില്ല. വിവരം അന്വേഷിക്കുന്നവരോട് വ്യത്യസ്ത കണക്കുകളാണ് പി.എസ്.സി നിരത്തുന്നത്.

2016 മാര്‍ച്ചില്‍ വിജ്ഞാപനം വന്ന അസിസ്റ്റന്‍റ് തസ്തികയില്‍ മേയിലാണ് പരീക്ഷ നടത്തിയത്. ജൂണില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജൂലൈയില്‍ ഉദ്യോഗാര്‍ഥികളുടെ വെരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തിയാക്കി. കാലതാമസമില്ലാതെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. 5152 പേര്‍ മെയിന്‍ ലിസ്റ്റിലും 13000 പേര്‍ സപ്ളിമെന്‍ററി ലിസ്റ്റിലും ഉള്‍പ്പെട്ടു. ഇതോടെ നിയമനങ്ങള്‍ വൈകിപ്പിക്കാനുള്ള ചരടുവലികള്‍ സര്‍വകലാശാലകളില്‍  ഊര്‍ജിതമായി. കേരള സര്‍വകലാശാലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വിവാദ അസിസ്റ്റന്‍റ് നിയമനത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാനാണ് പി.എസ്.സി നിയമനം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിവാദ നിയമനത്തില്‍ അസിസ്റ്റന്‍റുമാരായവര്‍ക്ക് ഇനിയും സ്ഥാനക്കയറ്റം കിട്ടിയിട്ടില്ല.

പി.എസ്.സി ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങള്‍ തങ്ങളുടെ സ്ഥാനക്കയറ്റത്തെയടക്കം ബാധിക്കുമോയെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളതത്രെ. കാലിക്കറ്റ് സര്‍വകലാശാലയാവട്ടെ പി.എസ്.സി നിയമനം വരുംമുമ്പേ നേരത്തേ സര്‍വകലാശാല സ്വന്തംനിലക്ക് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പരമാവധി ഒഴിവുകള്‍ നികത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ആരോഗ്യസര്‍വകലാശാലയടക്കം മറ്റിടങ്ങളില്‍ അസിസ്റ്റന്‍റുമാര്‍ ആവശ്യത്തിനില്ളെങ്കിലും തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിറങ്ങാത്തത് പി.എസ്.സി വഴിയുള്ള നിയമനത്തിന് തടസ്സമാണ്. അസിസ്റ്റന്‍റ് നിയമനത്തിന് എല്ലാ സര്‍വകലാശാലയിലും ഏകീകൃത വ്യവസ്ഥകള്‍ വേണമെന്നും ഇതുസംബന്ധിച്ച സ്പെഷല്‍ റൂള്‍സ് വേണമെന്നുമുള്ള ആവശ്യം അവഗണിക്കപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.