യാഥാര്‍ഥ്യമാകാതെ കരിപ്പൂരിലെ ഇ മാസ് സംവിധാനം

കരിപ്പൂര്‍: 2010 ലെ മംഗളൂരു വിമാനദുരന്തത്തെ തുടര്‍ന്ന് ടേബിള്‍ടോപ്പ് റണ്‍വേയില്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ച ഇ മാസ് (എന്‍ജിനിയേഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം) ടാറിങ് കരിപ്പൂരില്‍ ഇപ്പോഴും യാഥാര്‍ഥ്യമായില്ല. റിട്ട. എയര്‍വേസ് മാര്‍ഷല്‍ ഗോഖലെ അധ്യക്ഷനായ സമിതിയാണ് ടേബിള്‍ടോപ്പ് റണ്‍വേയുള്ള വിമാനത്താവളത്തിന്‍െറ റെസയില്‍ (റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ) ഇമാസ് ടാറിങ് നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഗോഖലെ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് വര്‍ഷങ്ങളായിട്ടും ഈ സംവിധാനം കരിപ്പൂരില്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപ്പാക്കിയിട്ടില്ല.

നിയന്ത്രണം വിട്ട് റണ്‍വേക്ക് പുറത്തേക്ക് പോകുന്ന വിമാനം ഇമാസ് സംവിധാനം നടപ്പാക്കിയാല്‍ വേഗത്തില്‍ നിര്‍ത്താനാകും.
ലാന്‍ഡിങ്ങിനിടയിലോ ടേക്ക് ഓഫിനിടയിലോ റണ്‍വേ വിട്ട് വിമാനം പുറത്തേക്ക് പോകുകയാണെങ്കില്‍, ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ചെയ്താല്‍ അപകടസാധ്യത കുറയുമെന്ന് വ്യോമയാനരംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.

മംഗളൂരുവില്‍ അപകടത്തിനിടയാക്കിയ എയര്‍ഇന്ത്യ എക്സ്പ്രസിന്‍െറ വിമാനം റണ്‍വേയുടെ പകുതി പിന്നിട്ടതിനുശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഈ അപകടത്തിനുശേഷമാണ് സുരക്ഷാഭാഗമായ റെസയുടെ നീളം കൂട്ടാനും ഇ മാസ് നടപ്പാക്കാനും നിര്‍ദേശിച്ചത്. രണ്ട് നിര്‍ദേശങ്ങളും കരിപ്പൂരില്‍ നടപ്പായിട്ടില്ല.

സ്ഥലം ലഭ്യമല്ലാത്തതിനാലാണ് റെസയുടെ നീളം കൂട്ടാന്‍ സാധിക്കാത്തത്. എന്നാല്‍, രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പ്രവൃത്തിയാണിത്. നിലവില്‍ കരിപ്പൂരിലെ ഒരു റണ്‍വേ 90 മീറ്ററും മറുഭാഗത്തുള്ളത് 92 മീറ്ററുമാണ്. റണ്‍വേ നീളം കുറച്ച് റെസയുടെ നീളം വര്‍ധിപ്പിക്കണമെന്ന് ഗോഖലെ കമീഷന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിര്‍ദേശമുയര്‍ന്നിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. അടുത്ത റണ്‍വേ വികസനത്തിന്‍െറ സമയത്ത് 240 മീറ്ററായി വര്‍ധിപ്പിക്കാമെന്നതിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.