മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ എസ്.ഐക്കെതിരായ കേസ് റദ്ദാക്കരുതെന്ന് സത്യവാങ്മൂലം

കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ തടയുകയും അന്യായമായി തടവില്‍ വെക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ എസ്. ഐക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കരുതെന്ന് സത്യവാങ്മൂലം.
കോഴിക്കോട് കോടതിയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ എസ്.ഐ പി.എം. വിമോദിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് എസ്. ബിനുരാജാണ് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ മുഖേന എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. കോഴിക്കോട് കോടതിയില്‍ ജൂലൈ 30ന് റിപ്പോര്‍ട്ടിങ്ങിന് എത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരെ എസ്.ഐ കൈയേറ്റം ചെയ്യുകയും അന്യായമായി തടഞ്ഞു വെക്കുകയും ചെയ്തത്. ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് എസ്.ഐയുടെ പ്രവൃത്തിയിലൂടെ ഉണ്ടായതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രകോപനപരമായ സാഹചര്യം അവിടെയുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് വാഹനം മാറ്റാനുള്ള സമയം പോലും അനുവദിക്കാതെ തട്ടിക്കയറുകയായിരുന്നു. അവഹേളിച്ചാണ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തങ്ങളെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.ഐയുടെ നടപടി നിയമവിരുദ്ധമാണ്. സംഭവദിവസം വൈകുന്നേരം ആറുവരെ ഡ്യൂട്ടിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. രാവിലെ നടന്ന സംഭവത്തെക്കുറിച്ച പ്രാഥമികാന്വേഷണത്തിനും സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതിനുമായാണ് ഈ നിര്‍ദേശം വെച്ചത്. എന്നാല്‍, ഇത് പാലിക്കാന്‍ വിമോദ് തയാറായില്ല. വീണ്ടും മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവെക്കാന്‍ എസ്.ഐ തയാറായതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
2014 ബാച്ചിലെ എസ്.ഐമാരെ മതിയായ പരിശീലനത്തിന് വീണ്ടും പൊലീസ് ട്രെയിനിങ് കോളജിലേക്ക് അയക്കണമെന്ന് അടുത്തിടെ പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. വിമോദ് ഈ ബാച്ചില്‍പെട്ട ഉദ്യോഗസ്ഥനാണ്. പുനലൂര്‍ സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന കാലത്ത് വാഹന പരിശോധനയുമായി ബന്ധപ്പെട്ട് വിമോദിനെ നാട്ടുകാരുടെ എതിര്‍പ്പു നിമിത്തം ചെങ്ങമനാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രശ്നക്കാരനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണിദ്ദേഹം. തന്‍െറ ഭാഗം ന്യായീകരിക്കാന്‍  നിയമപരമായി  വിചാരണക്കോടതിയില്‍ ഈ ഉദ്യോഗസ്ഥന് അവസരം ലഭിക്കും. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കാന്‍ അനുമതി നല്‍കാന്‍ കഴിയില്ല. സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യത്തിന് പൊലീസ് ഉദ്യോഗസ്ഥനായ ഹരജിക്കാരന്‍ അര്‍ഹനല്ളെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമോദിനെതിരായ കേസുകളിലെ നടപടികള്‍ കഴിഞ്ഞ ദിവസം സിംഗ്ള്‍ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.