ബീഫ് ബിരിയാണി കഴിച്ചതിന് ഉപരിപഠനം നിഷേധിച്ച വിദ്യാര്‍ഥിക്ക് ജെ.എന്‍.യുവില്‍ പ്രവേശം

മലപ്പുറം: ബീഫ് ബിരിയാണി കഴിച്ചതിന്‍െറ പേരില്‍ ഹൈദരാബാദ് ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാങ്ഗ്വേജസ് യൂനിവേഴ്സിറ്റി (ഇഫ്ളു) അധികൃതര്‍ ഉപരിപഠനാവസരം നിഷേധിച്ച വിദ്യാര്‍ഥിക്ക് അതേ വിഷയത്തില്‍ ഡല്‍ഹി ജെ.എന്‍.യുവില്‍ പ്രവേശം. മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി ഇല്ലത്തൊടി മുഹമ്മദ് ജലീസാണ് ഇഫ്ളു അധികൃതരുടെ ബീഫ് രാഷ്ട്രീയത്തോട് പഠനമികവുകൊണ്ട് മറുപടി പറഞ്ഞത്. ഗോവധ നിരോധം സംബന്ധിച്ച വിവാദങ്ങളും അതിന്‍െറ പേരിലുള്ള സംഘ് പരിവാര ആക്രമണങ്ങളും ശക്തമായ പശ്ചാത്തലത്തില്‍ ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയിരുന്നു. അന്ന് ഇഫ്ളുവില്‍ എം.എ അറബിക് വിദ്യാര്‍ഥിയായിരുന്നു ജലീസ്.
ഉസ്മാനിയയിലെ സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2015 ഡിസംബറില്‍ ജലീസ് ഉള്‍പ്പെടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇഫ്ളു കാമ്പസില്‍ വെച്ച് ബീഫ് ബിരിയാണി കഴിച്ചു. എന്നാല്‍, കാമ്പസില്‍ ബീഫ് കഴിച്ചത് നിയമലംഘനമാണെന്ന സര്‍വകലാശാല അധികൃതരുടെ പരാതിയില്‍ പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മാസങ്ങള്‍ കഴിഞ്ഞ് ഈ വിദ്യാര്‍ഥി ഇഫ്ളുവില്‍ പി.എച്ച്.ഡി പ്രവേശത്തിന് അപേക്ഷിച്ചു. മേയ് ഏഴിന് നടക്കേണ്ട പ്രവേശ പരീക്ഷക്ക് തലേ ദിവസവും ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫിസില്‍ നേരിട്ടത്തെി അന്വേഷിച്ചു. അഞ്ച് മാസം മുമ്പ് ബീഫ് കഴിച്ച സംഭവത്തില്‍ കേസുള്ളതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ളെന്ന് അധികൃതര്‍ അറിയിച്ചു. ഈ വിഷയത്തില്‍ തനിക്കെതിരെ കേസുള്ളതായി അറിയുന്നത് അപ്പോള്‍ മാത്രമാണ്. ഇക്കാലയളവില്‍ ബി.എ റഷ്യന്‍ കോഴ്സ് പ്രവേശത്തിനും ഇഫ്ളുവില്‍ അപേക്ഷിച്ചിരുന്നു. ഇതിന് പക്ഷേ, ഹാള്‍ ടിക്കറ്റ് ലഭിച്ചു. പ്രവേശ പരീക്ഷ എഴുതി കോഴ്സിന് യോഗ്യത നേടിയെങ്കിലും പ്രവേശത്തിന് ചെന്നപ്പോള്‍ കേസ് കാരണം പ്രവേശം നല്‍കാനാകില്ളെന്ന് ആവര്‍ത്തിച്ചു. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഇതിനിടെ ജെ.എന്‍.യുവില്‍ പി.എച്ച്.ഡിക്കായി അപേക്ഷ നല്‍കുകയും പ്രവേശ പരീക്ഷ എഴുതുകയും ചെയ്തു. ജൂലൈ 25നാണ് യോഗ്യത ലഭിച്ചതായി അറിയുന്നത്. ഇതുപ്രകാരം ആഗസ്റ്റ് ഒന്നിന് ഡല്‍ഹിയിലത്തെി പ്രവേശം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.