കരിപ്പൂര്‍: വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തില്‍

കരിപ്പൂര്‍: റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ കരിപ്പൂരില്‍ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തില്‍. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം കഴിഞ്ഞാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്നാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്‍െറ നിലപാട്. കഴിഞ്ഞദിവസം വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തിലാണ് കേന്ദ്രം നിലപാട് കര്‍ക്കശമാക്കിയത്.

റണ്‍വേ നവീകരണം പൂര്‍ത്തിയാക്കി എട്ടുമാസം കഴിഞ്ഞാല്‍ സര്‍വിസ് പുനരാരംഭിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഭൂമിയേറ്റെടുത്ത് വികസനം സാധ്യമാക്കാതെ അനുമതി നല്‍കില്ളെന്ന നിലപാടിലാണിപ്പോള്‍. നവീകരണഭാഗമായി റണ്‍വേ നേരത്തേയുണ്ടായിരുന്നതിനെക്കാള്‍ 50 ശതമാനം ശക്തിപ്പെടുത്തുകയും സര്‍വിസിന് തയാറായി എമിറേറ്റ്സും എയര്‍ ഇന്ത്യയും അടക്കമുള്ള കമ്പനികള്‍ രംഗത്തത്തെുകയും ചെയ്തിട്ടും തടസ്സം നില്‍ക്കുകയാണ് അതോറിറ്റി. പ്രവൃത്തി പൂര്‍ത്തിയായതോടെ കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങാന്‍ തടസ്സമില്ളെന്ന് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍തന്നെ രഹസ്യമായി സമ്മതിക്കുമ്പോഴും ഭൂമിയേറ്റെടുത്താല്‍ മാത്രമേ അനുമതി നല്‍കൂവെന്ന കടുംപിടിത്തത്തിലാണ് കേന്ദ്രം. ഭൂമി ഏറ്റെടുക്കാനായുള്ള അതോറിറ്റിയുടെ സമ്മര്‍ദ തന്ത്രമാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാന്‍ കാരണമെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

നേരത്തേ, തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലും അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത് ഭൂമിയേറ്റെടുത്താല്‍ മാത്രം വലിയ വിമാനങ്ങള്‍ക്ക് അനുമതിയെന്നാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുത്താലും വികസനം പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. കഴിഞ്ഞദിവസം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ വികസനം പൂര്‍ത്തിയാക്കണമെങ്കില്‍ എട്ട് വര്‍ഷം വേണ്ടിവരുമെന്നാണ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത്. ഇത്രയും വര്‍ഷം വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ കരിപ്പൂരിന്‍െറ ഭാവി അനിശ്ചിതത്വത്തിലാകും.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കരിപ്പൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന കമ്പനികളെല്ലാം അങ്ങോട്ടുപോകുമെന്നും വ്യോമയാന മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.