ഭരണഭാഷ മലയാളം: ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ഭരണഭാഷ മലയാളമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി. ഉത്തരവുകളും നിര്‍ദേശങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കേരള സിവില്‍ സര്‍വിസസ് ചട്ടപ്രകാരവും വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരവും അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍െറ ഉത്തരവ്. സര്‍ക്കാര്‍ നയം പൂര്‍ണമായും നടപ്പാക്കാന്‍ വകുപ്പുതലവന്മാരും ഓഫിസ് മേലധികാരികളും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണം.ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും നടപടികളും ഒൗദ്യോഗിക ഭാഷാ വകുപ്പ് അടിയന്തരമായി പരിശോധിക്കും. ഒൗദ്യോഗിക ഭാഷ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് വകുപ്പധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണം.

വിവിധ വകുപ്പുകളില്‍ രൂപവത്കരിച്ച പരിഭാഷ സെല്ലില്‍ കോഡുകള്‍, മാന്വലുകള്‍, ചട്ടങ്ങള്‍, ഫോറങ്ങള്‍ എന്നിവ അടിയന്തരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അംഗീകാരത്തിനായി ഒൗദ്യോഗികഭാഷാ വകുപ്പില്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കണം. സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല/അര്‍ധസര്‍ക്കാര്‍/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണം.  ‘ഭരണഭാഷ മാതൃഭാഷ’ നയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിമുഖത സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ളീഷ് ഒൗദ്യോഗിക ഭാഷയായി ഉപയോഗിക്കേണ്ടതായ സാഹചര്യങ്ങളില്‍ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണമെന്നും മറ്റെല്ലാ ഒൗദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ ഗൗരവതരമായ സമീപനമല്ല സ്വീകരിച്ചത്. അതിനാലാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.