കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി ;വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനൊപ്പം വിജിലന്‍സ് അന്വേഷണവും തുടരാമെന്ന് ഹൈകോടതി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.കെ.എ. രതീഷ് എന്നിവര്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്.വിജിലന്‍സ് അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ളെന്നും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരുടെ പരാതികള്‍ ഉചിതസമയത്ത് ഉചിതഫോറം മുമ്പാകെ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹൈകോടതി നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ സംസ്ഥാന വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണം നിയമപരമല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

തനിക്കെതിരായ അന്വേഷണശിപാര്‍ശ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തള്ളിയതാണ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലാണ് വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും നിലനില്‍ക്കുന്നതല്ളെന്നുമായിരുന്നു ഹരജിയിലെ വാദം. അതേസമയം, 2015വരെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നതെന്നും അതിനുശേഷമുണ്ടായ ക്രമക്കേടാണ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം അംഗീകരിച്ചാണ് വിജിലന്‍സ് അന്വേഷണം തുടരാമെന്ന് സിംഗ്ള്‍ ബെഞ്ച് വ്യക്തമാക്കിയത്.

2008 മാര്‍ച്ച് 31മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് സി.ബി.ഐ അന്വേഷണം നടത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിജിലന്‍സ് അന്വേഷണത്തിന് കാരണമായ ക്രമക്കേട് ആരോപണം 2015 ആഗസ്റ്റ് 14ലെ ഇടപാടുമായി ബന്ധപ്പെട്ടാണ്. വിവാദമായ രണ്ടാം ടെന്‍ഡറും തോട്ടണ്ടി ഇറക്കുമതിയുമാണ് ആരോപണത്തിന് ഇടയാക്കിയത്. തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായി എല്ലാ വര്‍ഷവും ടെന്‍ഡറും ഇറക്കുമതിയും നടത്തുന്നുണ്ടെന്നും പണം അനുവദിക്കുന്നുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. അതിനാല്‍ ഇതെല്ലാം സി.ബി.ഐതന്നെ അന്വേഷിക്കട്ടെയെന്ന വാദം അംഗീകരിക്കാനാവില്ല.

ഈ വാദം അംഗീകരിച്ചാല്‍ വരുന്നകാലത്തെ ആരോപണങ്ങളും സി.ബി.ഐ അന്വേഷണത്തിന്‍െറ ഭാഗമാക്കേണ്ടി വരും. കോടതി വിധിയുണ്ടായ 2015 ജൂണിനുശേഷമുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷണത്തിന്‍െറ പരിധിയില്‍ വരുന്നില്ല. അതിന് ശേഷമുള്ള കേസും സി.ബി.ഐക്ക് വിടാമെന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍െറ റിപ്പോര്‍ട്ട് തന്‍െറ പക്കലുള്ള പന്ത് സി.ബി.ഐക്ക് തട്ടിക്കൊടുത്ത് രക്ഷപ്പെടാന്‍ കാട്ടിയ തിടുക്കമാണ് പ്രതിഫലിപ്പിക്കുന്നത്. സര്‍ക്കാര്‍ നയം പാലിച്ച് തോട്ടണ്ടി ഇറക്കുമതി ചെയ്തതിലൂടെ 6.73 കോടിയുടെ നഷ്മാണ് പൊതുഖജനാവിനുണ്ടായത്. തൊഴിലാളികള്‍ക്ക് ഇതിന്‍െറ പകുതി തുക നേരിട്ട് നല്‍കിയിരുന്നെങ്കില്‍ അത് ഗുണകരമായേനെ. ഖജനാവിന്‍െറ നഷ്ടം കുറക്കാനുമായേനെയെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കാരണം കാണുന്നില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളിയത്.

ചന്ദ്രശേഖരനും രതീഷിനും പുറമെ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരെ മൂന്നും നാലും പ്രതികളാക്കിയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.