ഹെല്‍മറ്റ്: കേന്ദ്ര ഇടപെടല്‍ പ്രതീക്ഷിച്ച് തച്ചങ്കരിയുടെ കത്ത്

തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് പെട്രോള്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പുതിയ മാര്‍ഗം തേടുന്നു. എണ്ണക്കമ്പനികള്‍വഴി പെട്രോള്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനാണ് ശ്രമം. ഇക്കാര്യം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഗതാഗത സെക്രട്ടറിക്ക് കത്ത് നല്‍കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ളെന്ന നിര്‍ദേശം ബോധവത്കരണത്തിലും സമ്മാനത്തിലും കലാശിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

ഇതിനോടകം നിയന്ത്രണം കര്‍ശനമായി നടപ്പാക്കിയ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളവും കേന്ദ്ര ഇടപെടല്‍ പ്രതീക്ഷിക്കുന്നത്. ഈ സംസ്ഥാനങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍െറ സഹായം തേടിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിന് പെട്രോള്‍ പമ്പുകള്‍ വഴിയുള്ള ഇന്ധനനിയന്ത്രണം നടപ്പാക്കാന്‍ നിയമപ്രശ്നങ്ങളുണ്ട്. ഇതിനുപുറമെ, ഇക്കാര്യത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനും വിയോജിപ്പ്  പ്രകടിപ്പിച്ചത് വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് കേന്ദ്ര ഇടപെടലിലൂടെ സമ്പൂര്‍ണ ഹെല്‍മറ്റ്വത്കരണത്തിനുള്ള ശ്രമം. 2015ല്‍ സംസ്ഥാനത്ത് ആകെ 14482 ഇരുചക്രവാഹനാപകടങ്ങളിലായി 1330 പേര്‍ മരിച്ച കാര്യം പെട്രോളിയം മന്ത്രാലയത്തിനുള്ള കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതില്‍ 80 ശതമാനം തലക്കേറ്റ പരിക്കുമൂലമാണ് മരിച്ചത്. സമ്പൂര്‍ണ ഹെല്‍മറ്റ്വത്കരണമല്ലാതെ ഇതിന് പരിഹാരം കാണാനാകില്ളെന്നും കത്തില്‍ പറയുന്നു.

പെട്രോള്‍ പമ്പുകളിലെ ബോധവത്കരണവും പമ്പുകളിലെ നിരീക്ഷണവും തുടരും. ആഗസ്റ്റ് ഒന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. ബോധവത്കരണ ഭാഗമായി ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ വാങ്ങുന്നവര്‍ക്ക് പമ്പുകളില്‍ സമ്മാനക്കൂപ്പണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.