തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്ക്കാര കമീഷൻ ചെയർമാനായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമനമെടുത്തത്. കാബിനറ്റ് പദവിയോടെയാണ് വി.എസിന്‍റെ നിയമനം. മൂന്നംഗ കമീഷന്‍റെ ചെയർമാനായിരിക്കും വി.എസ്. മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരൻ, സി.പി നായർ എന്നിവരായിരിക്കും മറ്റ് അംഗങ്ങൾ. ഇവർക്ക് ചീഫ് സെക്രട്ടറി പദവിയും നൽകും.
സ്വതന്ത്ര ചുമതലയാണ് വി.എസിന് നൽകിയിരിക്കുന്നത്. കമീഷന്‍റെ ദൈംനദിന പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമീഷനാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നതായിരിക്കും കമീഷന്‍റെ പ്രധാന ചുമതലകൾ.
ഇടതുസർക്കാർ അധികാരത്തിലേറിയതുമുതലുള്ള വി.എസിന്‍റെ പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. ഘടക കക്ഷികളിൽ നിന്നുള്ള അംഗങ്ങളെക്കൂടി കമീഷനിൽ അംഗങ്ങളാക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന സൂചന.
അതേസമയം, വി.എസിന് പദവിക്ക് വേണ്ട യോഗ്യതയില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വി.എസിനെ തൃപ്തിപ്പെടുത്താനായി ഇത്തരത്തിലൊരു പദവി സൃഷ്ടിച്ചത് ധൂര്‍ത്താണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.