സാംക്രമികരോഗപ്രതിരോധം: മരുന്നുകളും ചികിത്സകളും പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സാങ്കേതികസമിതി

തിരുവനന്തപുരം: ഡിഫ്തീരിയ അടക്കം സാംക്രമികരോഗങ്ങളും പകര്‍ച്ചവ്യാധികളും തലപൊക്കുന്ന സാഹചര്യത്തില്‍ ചികിത്സയും പ്രതിരോധമാര്‍ഗങ്ങളും അവലംബിക്കാന്‍ ഏഴംഗ പ്രത്യേക സാങ്കേതികസമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കി. പുതിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പുതുതായി ആവിഷ്കരിക്കുന്ന മരുന്നുകളുടെയും ചികിത്സാരീതികളുടെയും ഗുണഫലങ്ങള്‍ പരിശോധിക്കാനും സമിതിക്ക് നിര്‍ദേശം നല്‍കി. ഇനിമുതല്‍ വിദഗ്ധഡോക്ടര്‍മാര്‍ അടങ്ങിയ ഈ സമിതി ശിപാര്‍ശ ചെയ്യുന്ന മരുന്നുകളും ചികിത്സാരീതികളും മാത്രമേ ആരോഗ്യമേഖലയില്‍ ആവിഷ്കരിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതാദ്യമായാണ് ഇത്തരം സാങ്കേതിക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം പ്രഫസര്‍ ഡോ. ഹരികുമാരന്‍ നായരുടെ അധ്യക്ഷതയിലാണ് സമിതി പ്രവര്‍ത്തിക്കുക. ഡോ. ബിജു ജോര്‍ജ് (മെഡിക്കല്‍ കോളജ് കോഴിക്കോട്), ഡോ. മുരളി സി.പി, ഡോ. ഷിബു, ഡോ. സിബു മാത്യു  (മെഡിക്കല്‍ കോളജ് തൃശൂര്‍), ഡോ. അനീഷ് ടി.എസ്, ജോയമ്മ വര്‍ക്കി (മെഡിക്കല്‍ കോളജ് തിരുവനന്തപുരം) എന്നിവരാണ് സമിതി അംഗങ്ങള്‍.

പുതിയ രോഗങ്ങള്‍ക്ക് പെട്ടെന്നുള്ള ശമനം എന്ന തരത്തില്‍ സ്വകാര്യ ആശുപത്രികള്‍ മത്സരബുദ്ധിയോടെ ഒട്ടേറെ പുതിയ മരുന്നുകളും ചികിത്സാരീതികളും കൊണ്ടുവരുന്നുണ്ട്. ഇതില്‍ പലതിന്‍െറയും ചികിത്സാഫലമോ ചെലവോ കൃത്യമായി വിലയിരുത്താതെയാണ് ആവിഷ്കരിക്കുന്നത്. സ്വകാര്യആശുപത്രികള്‍ നടപ്പാക്കിയാല്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇവ നടപ്പാക്കുന്നതിന് സമ്മര്‍ദം ഉയരാറുണ്ട്. മറ്റ് പരിശോധനകളൊന്നുമില്ലാതെ പലപ്പോഴും ഇത് സര്‍ക്കാര്‍ മേഖലയിലും നടപ്പാക്കുകയാണ് രീതി. ഇവയില്‍ പലതും പിന്നീട് ഉപേക്ഷിക്കേണ്ടിവരുന്നതോടെ സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യതയാണുണ്ടാവുക. ഇതൊഴിവാക്കാനാണ് വിദഗ്ധസമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്.

ഏതുതരം പ്രതിരോധമാര്‍ഗം സ്വീകരിക്കണമെന്നതും മരുന്നുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കുന്നതും ഈ സമിതിയാകും. സ്വകാര്യആശുപത്രികള്‍ ഉള്‍പ്പെടെ ഈ മാര്‍ഗരേഖ അവലംബിച്ചുവേണം ചികിത്സ നടത്തേണ്ടതെന്നും നിര്‍ദേശിക്കും.  
ബ്രിട്ടന്‍, തായ്ലന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ടെക്നോളജി അസസ്മെന്‍റ് ബോര്‍ഡുകള്‍ നിലവിലുണ്ട്. ഈ ബോര്‍ഡിന്‍െറ അനുമതിയോടെ മാത്രമേ പുതിയ മരുന്നുകളും ചികിത്സാരീതികളും ആവിഷ്കരിക്കാനാവൂ.  ഇതേ മാതൃകയില്‍ എല്ലാ സംസ്ഥാനത്തും സാങ്കേതികസമിതികള്‍ രൂപവത്കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യവകുപ്പിന് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. സംസ്ഥാനത്ത് ദേശീയതലത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് ആരോഗ്യഡയറക്ടര്‍ അധ്യക്ഷനും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഉപാധ്യക്ഷനുമായി സാങ്കേതികസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ. സുകുമാരനാണ് സമിതിയുടെ സാങ്കേതികോപദേഷ്ടാവ്. 11 അംഗങ്ങളാണ് സമിതിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.