‘റെയില്‍ ടെല്‍’ എത്തി; ഇല്ലാത്തിടത്ത് ബി.എസ്.എന്‍.എല്‍

തൃശൂര്‍: വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളിലെ ഹൈസ്കൂളുകളില്‍ ബി.എസ്.എന്‍.എല്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചതു മൂലം എസ്.എസ്.എല്‍.സി പരീക്ഷാ ഫലം എത്തിക്കുന്നത് സംബന്ധിച്ച ആശങ്ക അവസാന നിമിഷം നീങ്ങി.
ബി.എസ്.എന്‍.എല്ലിനു പകരം പുതിയ സേവന ദാതാക്കളായ ‘റെയില്‍ ടെല്‍’ ചൊവ്വാഴ്ച ഏതാണ്ടെല്ലാ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കി. റെയില്‍ ടെല്‍ എത്താത്ത ഇടങ്ങളില്‍ തല്‍ക്കാലത്തേക്ക് ബി.എസ്.എന്‍.എല്‍ സേവനം ലഭ്യമാക്കി. ഇതോടെ പരീക്ഷാ ഫലം വിതരണം സുഗമമായി.
ഐ.ടി അറ്റ് സ്കൂളുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ചയോടെ 12 ജില്ലകളിലെ ഹൈസ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ബി.എസ്.എന്‍.എല്‍ വിഛേദിച്ചത്. ബി.എസ്.എന്‍.എല്ലിനെക്കാള്‍ വേഗമുള്ള, റെയില്‍വേയുടെ ബ്രോഡ്ബാന്‍ഡ് ശൃംഖലയായ റെയില്‍ ടെല്ലിനാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കരാര്‍. എന്നാല്‍, വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ റെയില്‍ ടെല്ലിന് എല്ലാ ഹൈസ്കൂളിലെയും കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിക്കാനായില്ല. ഇത് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനവും ക്ളാസ് പ്രമോഷനും ഉള്‍പ്പെടെ ഈയാഴ്ച നടക്കേണ്ട പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.
വിഷയം ശ്രദ്ധയില്‍പെട്ടതോടെ ഐ.ടി അറ്റ് സ്കൂള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം റെയില്‍ ടെല്‍ ജീവനക്കാര്‍ പരമാവധി സ്കൂളുകളില്‍ ചൊവ്വാഴ്ച കണക്ഷന്‍ എത്തിച്ചു.
അതിന് കഴിയാത്ത പ്രദേശങ്ങളില്‍ കുറച്ച് ദിവസത്തേക്ക് കൂടി സേവനം തുടരാന്‍ ബി.എസ്.എന്‍.എല്‍ തയാറായി. റെയില്‍ ടെല്‍ ബ്രോഡ്ബാന്‍ഡ് വിതരണം പൂര്‍ത്തിയായ ശേഷമെ ബി.എസ്.എന്‍.എല്‍ പൂര്‍ണമായി സേവനം അവസാനിപ്പിക്കൂ എന്ന് ധാരണയായിട്ടുണ്ട്. റെയില്‍വേയുടെ സേവനം ലഭ്യമല്ലാത്ത ഇടുക്കി, വയനാട് ജില്ലകളില്‍ തുടര്‍ന്നും ബി.എസ്.എന്‍.എല്‍ സേവനമത്തെിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.