ചൂടിന് ശമനമില്ല; സംസ്ഥാനം വെന്തുരുകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂടിന് ശമനമില്ല. വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്തെങ്കിലും താപനിലയില്‍ കാര്യമായ കുറവില്ല. വ്യാഴാഴ്ച പാലക്കാടാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 39.9 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ കൂടിയ ചൂട്. കുറഞ്ഞ ചൂട് 28.2 ഡിഗ്രി സെല്‍ഷ്യസ്. മലമ്പുഴ, മുണ്ടൂര്‍ മേഖലയിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. കോഴിക്കോട് നഗരമാണ് തൊട്ടുപിന്നില്‍. ഇവിടെ കൂടിയ ചൂട് 38.9 ഡിഗ്രിയും കുറഞ്ഞചൂട് 29 ഡിഗ്രിയുമാണ്. കണ്ണൂര്‍ 38.2, പുനലൂര്‍ 36.2, കരിപ്പൂര്‍ 36, വെള്ളാനിക്കര 35.4 ഡിഗ്രിസെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.
കോന്നി, കുരുടമണ്‍ (മൂന്ന് സെ.മീ.), ചെങ്ങന്നൂര്‍, കാഞ്ഞിരപ്പള്ളി, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, മൂവാറ്റുപുഴ (രണ്ടു സെ.മീ) എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തു. ചിലയിടങ്ങളില്‍ 15മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ മഴ നീണ്ടു.
വൈകുന്നേരങ്ങളില്‍ മിക്കയിടങ്ങളിലും ആകാശം മേഘാവൃതമായിരുന്നു. മണിക്കൂറുകളോളം മഴക്കാറ് ഉണ്ടായിട്ടും ചിലയിടങ്ങളില്‍ പെയ്തില്ല. ഇവിടങ്ങളിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ക്കാലത്ത് ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവുണ്ടായതാണ് ചൂട് ക്രമാതീതമാവാന്‍ കാരണം.
മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 15 വരെയുള്ള കണക്ക് പ്രകാരം, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലഭിക്കേണ്ട മഴയില്‍ 43 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
19.3 മീല്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കാസര്‍കോട്ട് ഈ സീസണില്‍ ലഭിച്ചത് 0.1ശതമാനം മാത്രമാണ്. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഭൂജലനിരപ്പും കുറഞ്ഞു. ഇതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന തോതില്‍ മഴ ലഭിച്ചില്ളെങ്കില്‍ സംസ്ഥാനം വറുതിയിലേക്ക് നീളുമെന്ന് മുന്നറിയിപ്പുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.