താനൂര്‍ സംഘര്‍ഷം; പ്രചാരണായുധമാക്കി ലീഗും സി.പി.എമ്മും

മലപ്പുറം: താനൂര്‍ ആല്‍ബസാറിലും ചാപ്പപ്പടിയിലും ചൊവ്വാഴ്ചയുണ്ടായ സി.പി.എം-ലീഗ് സംഘര്‍ഷം പ്രചാരണായുധമാക്കി ഇരുമുന്നണികളും രംഗത്ത്. എല്‍.ഡി.എഫ് സ്വതന്ത്രന്‍ വി. അബ്ദുറഹ്മാന് പരിക്കേറ്റതും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും ഗൗരവമുള്ള സംഭവമായാണ് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  
ആക്രമണം ജില്ലയിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് വേദികളില്‍ കത്തിയാളുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും സംഭവം ചര്‍ച്ചയായി. ലീഗിന്‍െറ സിറ്റിങ് സീറ്റില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയും വി. അബ്ദുറഹ്മാനും തമ്മിലുള്ള മത്സരം പ്രചാരണം തുടങ്ങിയതുമുതല്‍ തീ പാറുന്ന നിലയിലാണ്. അതിനിടെയാണ് അക്രമങ്ങള്‍. ഇരുപക്ഷത്തുമായി 150ലേറെ ആളുകള്‍ കേസുകളില്‍ പ്രതികളാണ്. എല്‍.ഡി.എഫിന്‍െറ തെരുവുനാടകവും സ്ഥാനാര്‍ഥിയുടെ മുഖാമുഖവും നടക്കുന്നതിനിടെ യു.ഡി.എഫിന്‍െറ അനൗണ്‍സ്മെന്‍റ് വാഹനം എത്തിയതാണ് തര്‍ക്ക കാരണം. സംഘര്‍ഷ സ്ഥലത്ത് വെച്ചാണ് അബ്ദുറഹ്മാന്‍െറ കാറിന് നേരെ ആക്രമണമുണ്ടായത്. സ്ഥാനാര്‍ഥിക്കുനേരെ കല്ളേറും മര്‍ദനവുമുണ്ടായി. സംഭവം ലീഗിന് തിരിച്ചടിയായെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.
സംഘര്‍ഷ സ്ഥലങ്ങളില്‍ എം.എസ്.പി, ആംഡ് റിസര്‍വ് ഉള്‍പ്പെടെ പെലീസിനെ വിന്യസിച്ചതായി ജില്ലാ പൊലീസ് ചീഫ് കെ. വിജയന്‍ പറഞ്ഞു. സംഭവം എല്‍.ഡി.എഫിന് വലിയതോതില്‍ ദോഷം ചെയ്യുമെന്നും ആക്രമണത്തിന് പിന്നില്‍ അവരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.  അതേസമയം, എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ അസഹിഷ്ണുതയുള്ള ലീഗുകാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.പി. വാസുദേവന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.