ബിജുരമേശിന്‍െറ ഹരജി: സംസ്ഥാനസര്‍ക്കാറിന്‍െറ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ രാജധാനി ഹോട്ടലിന്‍െറ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ ബിജു രമേശ് സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം സുപ്രീംകോടതി തള്ളി. തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ട് ഹോട്ടല്‍ പൊളിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലായിരുന്നു കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാജധാനി ഹോട്ടല്‍ പൊളിക്കണമെന്ന കണക്കുകൂട്ടലില്‍കൂടിയാണ് ഈമാസം 28ന് പരിഗണിക്കാനായി കേസ് പട്ടികയില്‍ വരുന്ന ഹരജി ദുരന്തനിവാരണ വിഷയമായി കണ്ട് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ് ബാബു ജസ്റ്റിസുമാരായ ജെ.എച്ച്. ഖേഹാര്‍, എസ്. നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടത്. എന്നാല്‍, കോടതിക്ക് മറ്റു പല കേസുകളുമുണ്ടെന്നും അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ളെന്നും ജസ്റ്റിസ് ഖേഹാര്‍ വ്യക്തമാക്കി. കേസ് 28ന് വരാനിരിക്കേ ധിറുതി കാണിക്കേണ്ട ആവശ്യമില്ളെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  
ഹരജിക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടിസത്യവാങ്മൂലത്തിനുള്ള പ്രതിവാദം ബിജു രമേശ് അഡ്വ. പി.വി. ദിനേശ് മുഖേന സുപ്രീംകോടതിക്ക് സമര്‍പ്പിച്ചു. ഹോട്ടല്‍ ഭാഗം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് ബിജു രമേശ് സുപ്രീംകോടതിയെ സമീപിച്ചത്. ഹോട്ടല്‍ പൊളിച്ചുമാറ്റാതെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ ഓട നിര്‍മിക്കാമെന്നും അതിന്‍െറ ചെലവ് താന്‍ വഹിക്കാമെന്നും ഹരജിയില്‍ ബിജു രമേശ് ബോധിപ്പിച്ചു. എന്നാല്‍, ചെന്നൈയുടെ അനുഭവം ഓര്‍മപ്പെടുത്തിയ സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചക്ക് മാറ്റുകയായിരുന്നു. അതോടൊപ്പം ഹോട്ടല്‍ നിലനിര്‍ത്തി ഓട വലുതാക്കാമോ, ഹോട്ടല്‍ പൊളിക്കാതെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ബദല്‍ മാര്‍ഗമുണ്ടോ, കെട്ടിടം പൊളിക്കുക മാത്രമാണോ വഴി എന്നീ കാര്യങ്ങളില്‍ സംസ്ഥാന റവന്യൂ വകുപ്പ്, തിരുവനന്തപുരം കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവരുടെ അഭിപ്രായം തേടുകയും ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.