ഉമ്മൻചാണ്ടിക്ക് കണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടി -വി.എസ്

തിരുവനന്തപുരം: താൻ ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായതിനെ പരിഹസിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദൻ. ഫേസ്ബുക്കിലൂടെയാണ് വി.എസിൻെറ മറുപടി. താൻ ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് പ്രവേശിച്ചതിനെ ഉമ്മൻചാണ്ടി പരിഹസിക്കുന്നത് കണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയുള്ളതുകൊണ്ടാണെന്ന് വി.എസ് പറഞ്ഞു.

28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച ഇൻഫോപാർക്ക് ആക്രി വിലക്ക് സ്മാർട്ടി സിറ്റിക്ക് വിറ്റു തുലക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടി ഇപ്പോഴത്തെ ഐ.ടി വികസനത്തെ പറ്റി വാചാലനാകുന്നതും അതുകൊണ്ടുതന്നെയാണ്. ഉമ്മൻചാണ്ടിയുടെ പിൻകാലുകൊണ്ടുള്ള സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. എല്ലാറ്റിനും എന്ന പോലെ ഐ.ടിയും ഉമ്മൻചാണ്ടിക്ക് വിൽപന ചരക്കാണെന്നും വി.എസ് ആരോപിച്ചു.

യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്ന് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ച അങ്ങും അങ്ങയുടെ പ്രസ്ഥാനവും നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ വിമർശം. 80 കളില്‍ കേരളത്തില്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ അങ്ങയുടെ നേതൃത്വത്തില്‍ സി.പി.എമ്മിലെ യുവജനങ്ങള്‍ അങ്ങോളമിങ്ങോളം നടന്ന് കമ്പ്യൂട്ടറുകള്‍ അടിച്ചുപൊളിച്ചത് ഓര്‍ക്കുന്നുണ്ടോ. വസ്തുതകൾ ഇനിയെങ്കിലും താങ്കൾ അംഗീകരിക്കും എന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞാണ് ഉമ്മൻചാണ്ടി പോസ്റ്റ് അവസാനിപ്പിച്ചത്. കഴിഞ്ഞദിവസമാണ് വി.എസ് അച്യുതാനന്ദൻ ഫേസ്ബുക്കിലും ട്വിറ്ററിലും പേജ് ആരംഭിച്ചത്.

വി.എസിൻെറ പോസ്റ്റിൻെറ പൂർണരൂപം

ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട് !!?

28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച Infopark ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോഴത്തെ IT വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാൻ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാൽ ചർമശക്തി ഉള്ളത് കൊണ്ടാണ്. ഉമ്മൻ ചാണ്ടിയുടെ പിൻകാൽ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ IT-യും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാർ. അല്പം ചരിത്രത്തിലേക്ക് കടക്കാം. LDF സർക്കാരുമായി ഉണ്ടാക്കിയ കരാറുനനുസരിച്ച് സ്മാർട്ട് സിറ്റി 2016-ൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. അങ്ങനെ 33000 പേർക്ക് ജോലി ലഭിക്കുമായിരുന്നു. 2013-ൽ പൂർത്തിയാക്കേണ്ട ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയെന്ന് വീമ്പടിക്കുന്നത്. ഉത്ഘാടന മാമാങ്കം നടത്തിയ ഈ സ്ഥലത്ത് ഒരു വലിയ കമ്പനി പോലും വന്നിട്ടില്ല. വന്നതാകട്ടേ ചില തട്ടുകടകളും ബാർബർഷോപ്പുകളും മാത്രം. അവിടെ പോയി നോക്കുന്ന ആർക്കും ഇത് മനസ്സിലാകും. മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.റ്റി. പാർക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത്പക്ഷ സർക്കാരാണെന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ താങ്കൾക്ക് മനസ്സിലാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT