സാബു ഇനി വരില്ല; ഉറ്റവര്‍ക്ക് സ്വന്തം ചിതാഭസ്മം മാത്രം

വെഞ്ഞാറമൂട്: ഉറ്റവരുടെ കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പിന് തേങ്ങലോടെ വിരാമം. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ആളുമാറി വെള്ളാണിക്കലില്‍ സംസ്കരിച്ച സാബുവിന്‍െറ ബന്ധുക്കള്‍ക്ക് ചിതാഭസ്മം കൊണ്ട് മരണാനന്തരകര്‍മങ്ങള്‍ നടത്താം. ചെമ്പൂര് മുദാക്കല്‍ ശോഭാലയത്തില്‍ സോമശേഖരന്‍െറ മകനും പുല്ലമ്പാറപഞ്ചായത്തില്‍ വെള്ളുമണ്ണടി ബാലന്‍പച്ച വിനയാഭവനില്‍ താമസക്കാരനുമായ സാബുവിനെയാണ്(40) വെള്ളാണിക്കലില്‍ ആളുമാറി സംസ്കരിച്ചത്. പരവൂരില്‍ കമ്പക്കെട്ട് കരാറെടുത്ത കഴക്കൂട്ടം സുരേന്ദ്രന്‍െറ സഹായി വെള്ളാണിക്കല്‍ ചേമ്പുംകുഴി മാമൂട്ടില്‍ വീട്ടില്‍ പ്രമോദിന്‍േറതെന്നുകരുതിയാണ് ബന്ധുക്കള്‍ സാബുവിന്‍െറ മൃതദേഹം സംസ്കരിച്ചത്.
 കഴിഞ്ഞ ഞായറാഴ്ച ആറോടെയാണ് പ്രമോദെന്നുകരുതി സാബുവിനെ സംസ്കരിച്ചത്. ചിതയിലെ തീ അണയും മുമ്പേ പ്രമോദിന്‍െറ ഫോണ്‍ വന്നു. അന്നുമുതല്‍ സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നത് ഉത്തരമില്ലാത്ത ചോദ്യമായി. ഇന്നലെ ഡി.എന്‍.എ പരിശോധനാഫലം വന്നതോടെയാണ് സംസ്കരിച്ചത് സാബുവിന്‍െറ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. 
 പരവൂരില്‍ കമ്പം കാണാനായി ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ബാബുവിനും കൂട്ടുകാരന്‍ മുരളിക്കുമൊപ്പമാണ് സാബു പോയത്. മൂവരും ഒരേ സ്ഥലത്തുനിന്നാണ് കമ്പം കണ്ടത്. സാബുവിന്‍േറതെന്ന് കരുതി കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ ഒരു അജ്ഞാതമൃതദേഹത്തിന് ബന്ധുക്കള്‍ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍, കൈയിലെ അരിമ്പാറ, ചുണ്ടിനുള്ളില്‍ മുറിവ് തുടങ്ങിയ സുപ്രധാന തെളിവുകളുടെ അഭാവത്തില്‍ സാബുവിന്‍െറ ഭാര്യ മൃതദേഹം ഏറ്റുവാങ്ങിയില്ല. 
തുടര്‍ന്നാണ്  വെള്ളാണിക്കലില്‍ സംസ്കരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനെടുത്തപ്പോള്‍ ശേഖരിച്ച ശരീരഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചത്. സാബുവിന്‍െറ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ്  ഞായറാഴ്ച വെള്ളുമണ്ണടിയിലത്തെി തുടര്‍നടപടികള്‍ സ്വീകരിക്കും. സാബുവിന്‍െറ ഭാര്യ: ലതിക. മക്കള്‍: വിനയന്‍, ദിവ്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.