വെടി​ക്കെട്ട്​ ദുരന്തം: മരണം 108 ആയി; പരിക്കേറ്റവരുടെ നില ഗുരുതരം

കൊല്ലം/തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ 108 ആയി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പരവൂര്‍ കുറമുണ്ടം പ്രണവം പ്രസന്നന്‍ (40), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കഴക്കൂട്ടം പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ വിനോദ് (34) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.  കൊല്ലത്ത് നാല് മൃതദേഹങ്ങള്‍കൂടി തിരിച്ചറിഞ്ഞു.

 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച രണ്ട് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊല്ലം കണ്ണനല്ലൂര്‍ മണ്ണറവിളയില്‍ സദാനന്ദന്‍ (67), പള്ളിപ്പുറം സ്വദേശി വിനോദ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.  കൊല്ലത്ത് 14ഉം തിരുവനന്തപുരത്ത് മൂന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനക്ക് നടപടി സ്വീകരിക്കുമെന്ന് ഫോറന്‍സിക് വിഭാഗം അറിയിച്ചു. തിരിച്ചറിഞ്ഞവ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പരിക്കേറ്റ്  383 പേര്‍ വിവിധ ആശുപത്രികളിലുണ്ട്. 12 പേരുടെ നില ഗുരുതരമാണ്. ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചവരും ഗുരുതരമായി പൊള്ളലേറ്റവരുമാണ്  പലരും. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 67പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. എട്ടുപേര്‍ പൊള്ളല്‍ ചികിത്സാ തീവ്രപരിചരണ വിഭാഗത്തിലാണ്.

11 പേരെക്കൂടി തിങ്കളാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശികളായ സുലൈമാന്‍ (52), സുരേന്ദ്രന്‍ (52), ചിറയിന്‍കീഴ് വൈശാഖ് (16), ഇരവിപുരം അജിത് (17), ആറ്റിങ്ങല്‍ ആദര്‍ശ് (13), കുളത്തൂര്‍ കല്ലിങ്ങല്‍  ബിജു (36), ബിജു (37), രാജന്‍ (50), പരവൂര്‍ ആനയറ  വി.ആര്‍. രാജേഷ് (30), ശ്രീകാന്ത്(30), പരവൂര്‍ കുറമുണ്ടം പ്രണവം പ്രസന്നന്‍ (40) എന്നിവരെയാണ് പ്രവേശിപ്പിച്ചത്.  പ്രസന്നനെ കിംസിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.  137 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയത്. 70പേരെ ഡിസ്ചാര്‍ജ് ചെയ്തു. ചിലരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ ആരെയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടതില്ളെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സ്ഥലത്തുണ്ട്.

പ്രധാനമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍, ദേശീയ ദുരന്തനിവാരണ സേനയിലെ മെഡിക്കല്‍ സംഘം, കൊച്ചി അമൃത ആശുപത്രിയില്‍ നിന്നത്തെിയ ഡോക്ടര്‍മാര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജ് സംഘം, പള്ളിപ്പുറം സി.ആര്‍.പി.എഫ് മെഡിക്കല്‍ സംഘം എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കര്‍മനിരതരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.