പ്രതീക്ഷ മങ്ങുന്നു; കരിപ്പൂരില്‍ എമിറേറ്റ്സ് ഓഫിസും അടച്ചുപൂട്ടി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എമിറേറ്റ്സ് ഓഫിസ് പൂര്‍ണമായും അടച്ചുപൂട്ടി. റണ്‍വേ നവീകരണത്തിന്‍െറ ഭാഗമായി കഴിഞ്ഞ മേയ് ഒന്നുമുതല്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സര്‍വിസ് നിര്‍ത്തിവെച്ച സൗദി എയര്‍ലൈന്‍സ് ഓഫിസ് മാറ്റിയിരുന്നെങ്കിലും എമിറേറ്റ്സ് മാറ്റിയിരുന്നില്ല.

 നവീകരണം പൂര്‍ത്തിയായാല്‍ വീണ്ടും സര്‍വിസ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു ഓഫിസ് നിലനിര്‍ത്തിയത്. പത്തു മാസത്തോളം പ്രയോജനമൊന്നുമില്ലാതെ വന്‍തുക വാടക നല്‍കിയാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു ജീവനക്കാരനെയും നിലനിര്‍ത്തിയിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാനാകില്ളെന്ന് ഉറപ്പായതോടെയാണ് ഓഫിസ് അടച്ചുപൂട്ടിയത്. ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും ശനിയാഴ്ച കരിപ്പൂരില്‍നിന്ന് മാറ്റി. സാധനങ്ങള്‍ ലേലത്തിനെടുത്തവരാണ് ഉപകരണങ്ങള്‍ കൊണ്ടുപോയത്. എമിറേറ്റ്സിന്‍െറ കാര്‍ഗോ ഓഫിസ് മാത്രമാണ് ഇനി കരിപ്പൂരിലുണ്ടാകുക. നെടുമ്പാശ്ശേരിയില്‍നിന്ന് കണ്ടെയ്നറുകള്‍ വഴി കാര്‍ഗോ കരിപ്പൂരിലത്തെിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ ജംബോ വിമാനത്തിനുപയോഗിക്കുന്ന കോണി കരിപ്പൂരില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മാറ്റിയത്.ഹൈദരാബാദില്‍ നടക്കുന്ന എയര്‍ഷോയ്ക്കായി കൊണ്ടുപോയ കോണി ഇതുവരെ തിരിച്ചത്തെിച്ചിട്ടില്ല.
വലിയ വിമാനങ്ങളുടെ സര്‍വിസ് കരിപ്പൂരില്‍നിന്ന് പുനരാരംഭിക്കാന്‍ സാധ്യത കുറവായതിനാലാണ് വിമാനക്കമ്പനികള്‍ ഇവയെല്ലാം മാറ്റുന്നതെന്നാണ് ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.