ശിരോവസ്ത്രം ധരിച്ചതിന് പരീക്ഷ വിലക്കിയ സംഭവം: ന്യൂനപക്ഷ കമീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചത്തെിയ വിദ്യാര്‍ഥിനിയെ കഴിഞ്ഞ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സി.ബി.എസ്.ഇ ഡയറക്ടറില്‍നിന്ന് വിശദീകരണം തേടി. കരുനാഗപ്പള്ളി സ്വദേശിനിയായ ആലിയ ഫര്‍സാന സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ശിരോവസ്ത്രം അഴിച്ചുവെക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി പരീക്ഷ എഴുതാതെ മടങ്ങുകയായിരുന്നു.

ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാന്‍ മുഖമക്കനയില്‍ ചെവി കൂടി കാണത്തക്ക രീതിയില്‍ ഫോട്ടോ എടുത്തുനല്‍കണമെന്ന കരുനാഗപ്പള്ളി ജോയന്‍റ് ആര്‍.ടി.ഒയുടെ നിര്‍ദേശത്തിനെതിരെ ആലിയ ഫര്‍സാന സമര്‍പ്പിച്ച പരാതിയിലും കമീഷന്‍ നടപടി സ്വീകരിച്ചു. മുഖമക്കനയുള്ള ഫോട്ടോ സ്വീകരിക്കാന്‍ കമീഷന്‍ ജോയന്‍റ് ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. കേരള സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡോ. കെ. മുഹമ്മദ് ബഷീറിനെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ എസ്.എഫ്.ഐ നേതാവ് ബാലമുരളിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവത്തില്‍ മെക്ക  നല്‍കിയ പരാതിയില്‍ കമീഷന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ബ്രഹ്മോസ് കമ്പനി അധികൃതര്‍ ഇല്ലാത്ത കുറ്റത്തിന്‍െറ പേരില്‍ തന്നെയും സഹപ്രവര്‍ത്തകനെയും പീഡിപ്പിക്കുന്നെന്ന് ജീവനക്കാരനായ പി. ഷജീം നല്‍കിയ പരാതിയില്‍ കമീഷന്‍ മൊഴി രേഖപ്പെടുത്തി ഉത്തരവിനായി മാറ്റി. ബ്രഹ്മോസ് എംപ്ളോയ്മെന്‍റ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ്കുമാറും മൊഴി നല്‍കി.

ബില്‍ഡിങ്ങിന് നമ്പര്‍ നല്‍കി ഓണര്‍ഷിപ് നല്‍കിയില്ളെന്ന പരാതിയില്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് സെക്രട്ടറി കമീഷന്‍ മുമ്പാകെ ഹാജരായി. അലിയാരുകുഞ്ഞ് നല്‍കിയ പരാതിയിലാണ് നടപടി. ഒഴിവുള്ള ഡ്രൈവര്‍ തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനങ്ങള്‍ നടക്കുന്നില്ളെന്ന എ. ഷാഷ്ഖാന്‍െറ പരാതിയില്‍ ഹൗസിങ് ബോര്‍ഡ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളുടെ തസ്തികകളുടെ വിവരം കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു.

സീനിയര്‍ സൂപ്രണ്ടായ ഭര്‍ത്താവിന്‍െറ അര്‍ഹമായ ഉദ്യോഗക്കയറ്റം തടഞ്ഞുവെച്ചതിനെതിരെ ഭാര്യ റഷീദ നല്‍കിയ പരാതിയില്‍ കമീഷന്‍െറ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് വകുപ്പ് ഉദ്യോഗക്കയറ്റം നല്‍കി. ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം ഹെവന്‍ലി ഫീസ്റ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ ശ്രീകാന്ത് എന്നിവരില്‍നിന്ന് കമീഷന്‍ തെളിവെടുത്തു. സിറ്റിങ്ങില്‍ 27 കേസുകള്‍ പരിഗണിച്ചു. ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. കെ.പി. മറിയുമ്മ, അഡ്വ.വി.വി. ജോഷി, മെംബര്‍ സെക്രട്ടറി വി.എ. മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.