മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്ന് സരിത; വിവാദ കത്ത് പുറത്ത്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന സരിത എസ്. നായരുടെ വിവാദ കത്ത് പുറത്ത്. സോളാര്‍ കേസില്‍ കസ്റ്റഡിയിലിരിക്കേ 2013 ജൂലൈ 19ന് സരിത എഴുതിയ കത്ത്  ‘ഏഷ്യാനെറ്റ് ന്യൂസ്’ ചാനലാണ് പുറത്തുവിട്ടത്. 25 പേജുള്ള കത്ത് തന്‍െറ കൈപ്പടയിലുള്ളതുതന്നെയാണെന്ന് സരിത സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ളിഫ് ഹൗസില്‍വെച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കത്തിന്‍െറ മൂന്നാം പേജില്‍ പറയുന്നത്.
ഒരു മുന്‍ കേന്ദ്രമന്ത്രി സംസ്ഥാന മന്ത്രിയുടെ വസതിയില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നും കേന്ദ്രമന്ത്രിമാര്‍ക്ക് തന്നെ കാഴ്ചവെക്കാന്‍ രമേശ് ചെന്നിത്തലയുടെ പി.എ ശ്രമിച്ചതായും കത്തില്‍ ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കുവേണ്ടി സംസ്ഥാനത്ത് പലയിടങ്ങളിലും ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നു. സോളാര്‍ കേസില്‍ പിടിയിലായ തന്നെ  മുഖ്യമന്ത്രി രക്ഷിക്കുമെന്ന പ്രതീക്ഷ കത്തിന്‍െറ പല ഭാഗത്തും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത് ഉണ്ടാവില്ളെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന് കത്തില്‍ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായും കുടുംബവുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. പെരുമ്പാവൂര്‍ പൊലീസിന്‍െറ കസ്റ്റഡിയിലിരിക്കേ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനാണ് കത്ത് തയാറാക്കിയത്. എന്നാല്‍, അപമാനം ഭയന്നാണ് ഈ കത്ത് സോളാര്‍ കമീഷന് നല്‍കാതിരുന്നതെന്നും കത്ത് പുറത്തുവന്നശേഷം സരിത വ്യക്തമാക്കി. സരിതയെ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ നേരത്തേ സോളാര്‍ കമീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍െറ സീഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നായിരുന്നു ബിജു അന്ന് അവകാശപ്പെട്ടത്. സീഡി കണ്ടത്തൊന്‍ ബിജു രാധാകൃഷ്ണനുമായി കോയമ്പത്തൂരില്‍ തെളിവെടുപ്പിന് പോകാന്‍ സോളാര്‍ കമീഷന്‍ നടപടി സ്വീകരിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രിയുമായി അത്തരത്തിലുള്ള ബന്ധം തനിക്കില്ളെന്നും അദ്ദേഹത്തെ പിതൃതുല്യനായാണ് കണക്കാക്കുന്നതെന്നുമായിരുന്നു സരിത പറഞ്ഞിരുന്നത്.

ലൈംഗിക ആരോപണം നിഷേധിച്ച് സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കിയ രേഖയും പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന പദവിക്ക് യോജിക്കാത്ത രീതിയില്‍ ലൈംഗിക ചേഷ്ടകളോടെ സമീപിച്ചെന്നും അപ്പോള്‍ താന്‍ മുറിവിട്ട് ഇറങ്ങിപ്പോയെന്നുമുള്ള ആരോപണത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ശരിയല്ളെന്ന് സരിത എസ്. നായര്‍ സോളാര്‍ കമീഷന് മൊഴിനല്‍കിയ രേഖകളും പുറത്തുവന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ളെന്നും സരിതയുടെ മൊഴി.സരിത കമീഷന് നല്‍കിയ മൊഴിയുടെ മൂന്ന് പേജാണ് പുറത്തു വന്നത്. സരിതയുടെ കത്ത് പുറത്തു വന്നതിനു പിന്നാലെയാണിത്.സരിത ജയിലില്‍വെച്ച് എഴുതിയ കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ളെന്ന മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.