കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടത് മുന്നണി കഴിഞ്ഞ പതിനൊന്ന് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സമരക്കാരുടെ പ്രധാന ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം തത്ക്കാലം ഇല്ല. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ളെന്നും എന്നാല്‍ ഈ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കില്ളെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കോടതി തീരുമാനം വന്ന ശേഷം ജുഡീഷ്യല്‍ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള ബോട്ടുകളുടെ സുരക്ഷയെ പറ്റി പഠിക്കാന്‍ ജല ഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി നായരെ ചുമതലപ്പെടുത്തും. ഫോര്‍ട്ട് കൊച്ചി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഗരസഭ നല്‍കിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും അതിനാല്‍ അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന സമരക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തും. നഷ്ടപരിഹാരം എത്രയും വേഗം നല്‍കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എല്ലാ യാത്രാ ബോട്ടുകളിലും മതിയായ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താനും ധാരണയായി.
മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എസ്. ശര്‍മ, ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, ഒരാഴ്ച മുമ്പ് തീരേണ്ട സമരം ഇത്രയും നാള്‍ നീണ്ടത് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവിന്‍െറ പിടിവാശി കാരണമാണെന്ന് മേയര്‍ ടോണി ചമ്മണി പിന്നീട് വാര്‍ത്താ സമ്മേളനത്തതില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.