കാലിക്കറ്റ് വി.സി: വിജ്ഞാപനം പിന്‍വലിക്കണമെന്ന പ്രമേയം സിന്‍ഡിക്കേറ്റ് തള്ളി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് നാമനിര്‍ദേശം സ്വീകരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സിന്‍ഡിക്കേറ്റ് യോഗം തള്ളി. യു.ജി.സി യോഗ്യത നിര്‍ബന്ധിക്കുന്ന വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നത് ഒൗചിത്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആക്ടിങ് വി.സി ഡോ. ഖാദര്‍ മങ്ങാടാണ് പ്രമേയം തള്ളിയത്.
വി.സി നിയമനത്തില്‍ യോഗ്യത നിഷ്കര്‍ഷിച്ച് സംസ്ഥാനത്ത് ഒരിടത്തും വിജ്ഞാപനമിറക്കിയില്ളെന്ന് ചൂണ്ടിക്കാട്ടി അഡ്വ. പി.എം. നിയാസാണ് പ്രമേയം അവതരിപ്പിച്ചത്. സിന്‍ഡിക്കേറ്റിന്‍െറ വിയോജിപ്പ് ചാന്‍സലറായ ഗവര്‍ണറെ നേരിട്ടറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും സിന്‍ഡിക്കേറ്റംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചിലര്‍ പ്രമേയത്തിന്‍െറ അനൗചിത്യം ചൂണ്ടിക്കാട്ടി. സിന്‍ഡിക്കേറ്റംഗങ്ങള്‍ സ്വന്തംനിലക്ക് എതിര്‍പ്പ് അറിയിക്കാമെന്ന് നിര്‍ദേശിച്ച് വി.സി പ്രശ്നത്തിലിടപ്പെട്ടു. പ്രമേയം പിന്‍വലിക്കുകയാണ് ഉചിതമെന്നും വി.സി പറഞ്ഞു.പരീക്ഷാഭവന്‍ മെയിന്‍ ബ്ളോക്കില്‍ അടിയന്തര രക്ഷാമാര്‍ഗമായി ഗോവണി പ്പടി സ്ഥാപിക്കുന്നതിന് 20 ലക്ഷം അനുവദിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
മീനങ്ങാടിയിലെ സെന്‍റ് ഗ്രിഗോറിയസ് ടീച്ചേഴ്സ് ട്രെയ്നിങ് കോളജിന് താല്‍ക്കാലിക അഫിലിയേഷന്‍ തുടരും. തൃശൂര്‍ തൊഴിയൂരിലെ ഐ.സി.എ വനിതാ കോളജിലെ പി.ജി കോഴ്സുകള്‍ക്ക് ആണ്‍കുട്ടികളെയും പ്രവേശിപ്പിക്കും. തൃശൂര്‍ ഗവ. ട്രെയ്നിങ് കോളജില്‍ എം.എഡ് സീറ്റ് 50 ആക്കി ഉയര്‍ത്തി. കോഴിക്കോട് ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജില്‍ ബി.പി.ഇ ബിരുദ കോഴ്സിനെ ബി.പി.എഡ് ഇന്‍റഗ്രേറ്റഡ് ആക്കി.
കുന്ദമംഗലത്ത് സ്വാശ്രയ മേഖലയില്‍ സി.എം.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിച്ചു. സുരക്ഷാ സംവിധാനമുള്ള ഷീറ്റുകളില്‍ സര്‍ട്ടിഫിക്കറ്റ് അച്ചടി തുടരാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. മുക്കം കെ.എം.സി.ടി ബി.എഡ് കോളജിന്‍െറ അംഗീകാരം പുതുക്കുന്നത് അടുത്ത യോഗത്തിലേക്ക് മാറ്റി. സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥി പ്രതിനിധി പി.ജി. മുഹമ്മദിന്‍െറ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനമെടുക്കുന്നത് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.