എന്‍.പി മൊയ്തീന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എന്‍.പി മൊയ്തീന്‍ അന്തരിച്ചു. 75 വയസായിരുന്നു. കുറച്ചു കാലമായി രോഗ ബാധിതനായിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി എന്‍.പി അബുവിന്‍െറ മകനും പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി മുഹമ്മദിന്‍െറ സഹോദരനുമാണ്.

അഞ്ചാം കേരള നിയമസഭയിലും ആറാം നിയമസഭയിലും ബേപ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും  രണ്ടാം തവണ കോണ്‍ഗ്രസ്^യു ടിക്കറ്റില്‍  ഇടതു പിന്തുണയിലുമാണ് ജയിച്ചത്. കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മൊയ്തീന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പദവി വരെ എത്തി. പിന്നീട് യൂത്ത് കോണ്‍ഗ്രസ്  ജില്ലാ ജനറല്‍ സെക്രട്ടറിയും ട്രഷററുമായി. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ പ്രസിഡന്‍റും സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എ.കെ ആന്‍റണിയുടെ കൂടെ ആയിരുന്നു. പില്‍ക്കാലത്ത് മലബാറിലെ എ ഗ്രൂപ്പിന്‍റെ പ്രധാനി ആയി. കോഴിക്കോട്ട് കോണ്‍ഗ്രസിന്‍റെ ശബ്ദം ആയിരുന്നു ഒരു കാലത്ത് മൊയ്തീന്‍. നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ ആയും  പ്രവര്‍ത്തിച്ചു. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനും വീക്ഷണം ദിനപത്രം ഡയറക്ടറും ആയിരുന്നു.

മാങ്കാവ് പള്ളിത്താഴം റോഡിലെ എന്‍പീ യിലാണ് താമസം. ഭാര്യ ഖദീജ. നാലു മക്കള്‍.

നാളെ രാവിലെ 11 മണിക്ക് ഡി.സി.സി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. 12ന് ശാദുലി പള്ളിയിലെ ജനാസ നമസ്കാരത്തിനുശേഷം കണ്ണംപറമ്പില്‍ ഖബറടക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.